ചെങ്ങന്നൂര്‍: പ്രളയജലത്തില്‍ മുങ്ങിപ്പോകുമായിരുന്നവരെ രക്ഷിക്കാനാണ് കുത്തൊഴുക്ക് വകവെക്കാതെ അനിയന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ആ സാഹസത്തിന് അനിയന് ലഭിച്ചത് പാതി ഇരുട്ടിലായ ജീവിതം. രക്ഷാപ്രവര്‍ത്തനത്തിനിടെ കമ്പ് കൊണ്ട് മുറിഞ്ഞ വലത്തേ കണ്ണില്‍ ഇപ്പോള്‍ ഇരുട്ട് മാത്രം. വെള്ളം ഉയര്‍ന്ന 15ന് അര്‍ധരാത്രി കിഴക്കേനട പുത്തന്‍പുരയ്‌ക്കല്‍ സദാശിവന്‍നായരെന്ന 58 കാരനായ അനിയന്‍ മുപ്പത്തഞ്ചോളം ജീവനുകളാണ് രക്ഷിച്ചത്.
അന്ന് ഇറങ്ങിയതാണ് വീട്ടില്‍ നിന്ന്. കൂട്ടിന് ലോറിയുടെ ട്യൂബ് മാത്രം. അതിനിടയ്‌ക്കായിരുന്നു ആ ദുരന്തം. ഒരു വീടിന്റെ ഗേറ്റിന് കുറുകേ കിടന്ന തടി വലിച്ചു മാറ്റുന്നതിനിടെ വലതുകണ്ണ് കൂര്‍ത്തകമ്പ് കൊണ്ടു മുറിഞ്ഞു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സാധാരണ മുറിവെന്ന് കരുതി കണ്ണില്‍ മരുന്നു വച്ചുകെട്ടി വിട്ടു. പിറ്റേ ദിവസമായതോടെ കണ്ണ് വീര്‍ത്തു വന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പരിശോധനയില്‍ കണ്ണിന്റെ ഞരമ്പ് മുറിഞ്ഞെന്ന് കണ്ടെത്തി. വിദഗ്‌ദ്ധ ചികിത്സ നല്‍കിയാല്‍ നഷ്ടമായ കാഴ്ച തിരികെ ലഭിക്കും എന്ന പ്രതീക്ഷയാണ് ഈ കുടുംബത്തിനുള്ളത്.
ആകെയുള്ളത് വീടുള്‍പ്പെടുന്ന രണ്ട് സെന്റ് സ്ഥലം. ലോട്ടറി വില്‍പ്പനയോടൊപ്പം വീട്ടിലെ ചായ്‌പ്പില്‍ ചെറിയ ചായക്കടയും നടത്തുന്നു. മൂന്നു മക്കളില്‍ രണ്ടാമന്‍ പത്താം ക്ലാസുകാരന്‍ അരവിന്ദിന് സംസാരശേഷി കുറവാണ്. അതിന്റെ ശസ്ത്രക്രിയയും നടത്തേണ്ടതുണ്ട്. അതിന് എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഭാര്യ ലതാകുമാരി. പഠനം കഴിഞ്ഞ് ജോലി തേടുന്ന മകന്‍ അനുകൃഷ്ണനും ഒന്‍പതാം ക്ലാസുകാരി ആര്യയും അടങ്ങുന്ന കുടുംബത്തിന് മറ്റ് വരുമാന മാര്‍ഗ്ഗങ്ങളൊന്നുമില്ല.
എം.എസ്. സനല്‍കുമാര്‍
















