കരുനാഗപ്പള്ളി: പ്രാര്‍ഥനയും ധ്യാനവുമായി ഒ. രാജഗോപാലിന് നവതി ആഘോഷം. അമൃതപുരിയില്‍ മാതാഅമൃതാനന്ദമയീദേവിയുടെ അനുഗ്രഹങ്ങളാണ് എപ്പോഴത്തേയുമെന്ന പോലെ തൊണ്ണൂറിലും അദ്ദേഹത്തിന് പിറന്നാള്‍ സമ്മാനം.
ചിങ്ങമാസത്തിലെ തിരുവോണമാണ് ഒ.രാജഗോപാലിന്റെ ജന്മനാള്‍. പെറ്റമ്മയുടെ മരണം വരെ അമ്മയ്‌ക്കൊപ്പം പാലക്കാട്ടെ വീട്ടിലാണ് കുടുംബസമേതം ഓണവും പിറന്നാളും ഒരുമിച്ച് കൊണ്ടാടിയിരുന്നത്. അതിനുശേഷം 1992 മുതല്‍ മാതാ അമൃതാനന്ദമയിയുടെ ഒപ്പവും.
മുന്‍പ് കേന്ദ്ര മന്ത്രി ആയിരിക്കെ, വിദേശ രാജ്യങ്ങളിലെ പ്രതിനിധികളുമായി മന്ത്രി എന്ന നിലയില്‍ ചില മീറ്റിങ്ങുകളില്‍ പങ്കെടുക്കേണ്ടിവന്നതിനാല്‍ 27 വര്‍ഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് അമ്മയോടൊപ്പം പിറന്നാള്‍ ദിനം പങ്കിടാന്‍ കഴിയാതെ പോയതെന്ന് അദ്ദേഹം പറഞ്ഞു.
രാവിലെ 9.30ഓടു കൂടി അമ്മയുടെ പാദപൂജ നടത്തിയ അദ്ദേഹം തുടര്‍ന്ന് സത്സംഗത്തിലും ഓണസദ്യയിലും വൈകീട്ട് നടന്ന ഭജനയിലും പങ്കെടുത്തു. 12 മണിക്ക് തുടങ്ങിയ ഓണസദ്യ മൂന്നുമണി വരെ തുടര്‍ന്നു. ആയിരക്കണക്കിന് സാധാരണക്കാരാണ് അമ്മയോടൊപ്പം ഓണസദ്യ കഴിക്കുന്നതിനായി ആശ്രമത്തില്‍ എത്തിച്ചേര്‍ന്നത്.
ലളിതമായ രീതിയിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.
















