പാലക്കാട്: പേമാരിയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ടുപോയ നെല്ലിയാമ്പതിയില്‍ മൂന്നുദിവസത്തെ പരിശ്രമത്തിനൊടുവില്‍ ഹെലിക്കോപ്റ്റര്‍ ഇറക്കി. ദിവസങ്ങളായി ഭക്ഷണവും മരുന്നുമില്ലാതെ അവശരായ, ഗര്‍ഭിണികളടക്കമുള്ള ആറുപേരെ ജില്ലാ ആശുപത്രിയിലെത്തിച്ചു. മുന്നൂറോളം പേര്‍ക്ക് പ്രാഥമിക ചികിത്സ ആവശ്യമുണ്ട്.
ഉരുള്‍പൊട്ടലില്‍ നെല്ലിയാമ്പതിയിലേക്കുള്ള 18 കിലോമീറ്റര്‍ റോഡാണ് ഒലിച്ചുപോയത്. നാവികസേനയുടെ ഹെലിക്കോപ്റ്ററില്‍ ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കാനുള്ള ശ്രമം പ്രതികൂല കാലാവസ്ഥ മൂലം പരാജയപ്പെടുകയായിരുന്നു. ഇന്നലെ രാവിലെയാണ് നാവികസേനയുടെ ദൗത്യം വിജയിച്ചത്. 3000ത്തോളം പേരാണ് നെല്ലിയാമ്പതിയില്‍ കുടുങ്ങിയത്.
സിആര്‍പിഎഫ്, അഗ്‌നിരക്ഷാസേന, പോലീസ് എന്നിവരും ജനങ്ങളും ചേര്‍ന്ന് തലച്ചുമടായി ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുന്നത് ഇന്നലെയും തുടര്‍ന്നു. താല്‍ക്കാലിക റോഡ് നിര്‍മാണം പുരോഗമിക്കുന്നുണ്ട്.18 കിലോമീറ്റര്‍ പാതയില്‍ 73 ഇടങ്ങളില്‍ തകര്‍ച്ചയുണ്ട്. പുതിയ റോഡ്‌നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആറുമാസമെങ്കിലുമെടുക്കും.
















