പുതിയ ജെയം നിയോ ഇലക്ട്രിക് നാനോ റോഡിലിറങ്ങാനുള്ള ഒരുക്കത്തിലാണ്. പേരു കേട്ട് ആശയക്കുഴപ്പം വേണ്ട. കോയമ്പത്തൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയം ഓട്ടോമോട്ടീവ്-ടാറ്റ മോട്ടോര്‍സ് പങ്കാളിത്തത്തില്‍ പുറത്തുവരുന്ന നാനോയുടെ വൈദ്യുത പതിപ്പാണിത്. 2018 ഓട്ടോ എക്സ്പോയില്‍ ഇലക്ട്രിക് ടാറ്റ നാനോ മോഡലിനെ കമ്പനി കാഴ്ചവച്ചിരുന്നു. ഇലക്ട്രിക് നാനോയുടെ ഉത്പാദനവും വിപണനവും ജെയം ഓട്ടോമോട്ടീവ് നടത്തും.
എഞ്ചിനും ഗിയര്ബോക്സുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ മാത്രമാണ് കോയമ്പത്തൂര്‍ കമ്പനിക്ക് ടാറ്റ മോട്ടോര്‍സ് കൈമാറുന്നത്. ആദ്യ ഘട്ടത്തില്‍ ഫ്ളീറ്റ് വിപണിയില്‍ ജെയം നിയോ ഇലക്ട്രിക് നാനോ വില്പനയ്ക്കെത്തും. ജെയം നിയോ ഇവി എന്നാകും മോഡലിന്റെ ഔദ്യോഗിക പേര്. ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഓല ക്യാബിനാണ് ജെയം നിയോ പുറത്തിറക്കുന്ന ആദ്യ നാനൂറ് വൈദ്യുത മോഡലുകള്‍ ലഭിക്കുക. മോഡലിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതാണ് റിപ്പോര്‍ട്ടുകള്‍.
പുതിയ നാനോ ഇലക്ട്രിക്കില്‍ എവിടെയും ടാറ്റ മോട്ടോര്‍സിന്റെ പേരു കാണില്ല. പകരം ജെയം ബാഡ്ജിംഗും നിയോ ലോഗോയും നാനോയില്‍ ഇടംപിടിക്കും. വൈദ്യുത പവര്‍ സ്റ്റീയറിങ്, എയര്‍ കണ്ടീഷണിങ്, മുന്‍ പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ്, ബ്ലുടൂത്ത് എന്നിവ ജെയം നിയോ നാനോയെ വ്യത്യസ്തമാക്കുന്നു. മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്പ്ലേ, 12 വി പവര്‍ സോക്കറ്റും നാനോ ഇലക്ട്രിക്കിലുണ്ടാവും. 40 വാട്ട് വൈദ്യുതി സംവിധാനമാണ് ജെയം നിയോ നാനോയ്ക്കുള്ളത്.
ഒറ്റ ചാര്‍ജ്ജില്‍ ഇരുന്നൂറു കിലോമീറ്റര്‍ ഓടാന്‍ നിയോ നാനോയ്ക്ക് കഴിയുമത്രേ. എആര്‍എഐ ടെസ്റ്റില്‍ മോഡല്‍ ഇക്കാര്യം കാട്ടിത്തന്നു. അതേസമയം എസി, യാത്രികരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ ദൂരപരിധി കുറയും. നാലു യാത്രക്കാരുള്ളപ്പോള്‍ ശരാശരി 140 കിലോമീറ്റര്‍ ദൂരപരിധി കാഴ്ചവയ്ക്കാന്‍ നാനോ ഇലക്ട്രിക്കിന് കഴിയുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: