പനജി: ജവഹർലാൽ നെഹ്‌റു സ്വയംകേന്ദ്രീകൃതനായ വ്യക്തി അല്ലായിരുന്നെങ്കിൽ ഇന്ത്യ-പാക്കിസ്ഥാൻ വിഭജനം നടക്കില്ലായിരുന്നെന്ന് ബുദ്ധമത ആത്മീയാചാര്യൻ ദലൈലാമ. ഒരു വ്യക്തിക്ക് സ്വയം കാലുറപ്പിച്ചു നിൽക്കാനും ജീവിതത്തിൽ തെറ്റുകളെ എങ്ങനെ ഒഴിവാക്കാനും സാധിക്കുമെന്ന ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിലെ വിദ്യാർത്ഥിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഗാന്ധിജിക്ക് ആദ്യ പ്രധാനമന്ത്രിപദം മുഹമ്മദലി ജിന്നക്ക് നൽകണമെന്നായിരുന്നു ആഗ്രഹം എന്നാൽ നെഹ്‌റുവിന് അത് അംഗീകരിക്കാനായില്ല. അദ്ദേഹം സ്വയംകേന്ദ്രീകൃതനായ വ്യക്തിയായിരുന്നു. തനിക്ക് തന്നെ പ്രധാനമന്ത്രി പദം വേണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. ജീവിതത്തിൽ ഏറെ അനുഭവസമ്പത്തുള്ള വ്യക്തിയായിരുന്നു നെഹ്‌റു എന്നിരുന്നാലും ജീവിതത്തിൽ അദ്ദേഹം തെറ്റുകൾ ആവർത്തിച്ചു കൊണ്ടിരുന്നു. ജിന്ന പ്രധാനമന്ത്രിയായിരുന്നെങ്കിൽ ഇന്ത്യ വിഭജിക്കില്ലായിരുന്നു- ദലൈലാമ വിദ്യാർത്ഥിയോടായി പറഞ്ഞു.
ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിന്റെ ഇരുപത്തിയഞ്ചാമത് വാർഷികത്തിലെ മുഖ്യപ്രഭാഷകനായിട്ട് ദലൈലാമയെയാണ് അധികൃതർ ക്ഷണിച്ചത്. ഈ കാലഘട്ടത്തിൽ ഇന്ത്യയുടെ പൗരണിക ചരിത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് എന്ന വിഷയത്തിലാണ് ദലൈലാമ ആശയവിനിമയം നടത്തിയത്.
സാംസ്കാരികവും പാരമ്പര്യവും ഏറെ ആഴത്തിൽ സ്പർശിച്ച നാടാണ് ഭാരതം. അഹിംസ എന്ന ആശയത്തിന്റെ ഉറവിടമായ ഭാരതം പരമ്പരാഗത അറിവുകളുടെയും ആത്മീയതയുടേയും കാരുണ്യത്തിന്റെയും മതനിരപേക്ഷതയുടേയും ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















