ന്യൂദല്‍ഹി: അസമിലെ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട കേസില്‍ രജിസ്ട്രാര്‍ ജനറല്‍ ഒഫ് ഇന്ത്യ എസ്.ശൈലേഷിനേയും അസാം നാഷണല്‍ രജിസ്റ്റര്‍ ഒഫ് സിറ്റിസന്‍ കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയേയും സുപ്രീം കോടതി ശക്തമായി ശാസിച്ചു. പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെ പ്രസ്താവന നടത്തിയതിനെ തുടര്‍ന്നാണിത്.
ഉദ്യോഗസ്ഥരുടെ നടപടി കടുത്ത കോടതിയലക്ഷ്യമാണെന്നും വലിയൊരു ഉത്തരവാദിത്തം നിറവേറ്റാനുള്ളതിനാല്‍ രണ്ട് പേര്‍ക്കുമെതിരെ നടപടി എടുക്കുന്നില്ലെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് നിങ്ങള്‍ എന്ന കാര്യം മറക്കരുത്. ജയിലില്‍ പിടിച്ചിടേണ്ട കുറ്റമാണ് ഇരുവരും ചെയ്തിരിക്കുന്നത് കോടതിയുടെ ഉത്തരവ് അനുസരിക്കുകയാണ് നിങ്ങളുടെ ജോലി. അത് മറന്നുകൊണ്ട് നിങ്ങള്‍ക്ക് മാദ്ധ്യമങ്ങളോട് സംസാരിക്കാന്‍ എങ്ങനെ തോന്നിയെന്ന് കോടതി ചോദിച്ചു.
നിങ്ങളുടെ ജോലി പൗര്യത്വ രജിസ്റ്ററിനുള്ള അന്തിമ പട്ടിക തയാറാക്കുക എന്നത് മാത്രമാണ്. മാധ്യമങ്ങളോട് വിവരങ്ങള്‍ വിശദീകരിക്കുക നിങ്ങളുടെ പണിയല്ലെന്നും കോടതി വിമര്‍ശിച്ചു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ എന്‍ആര്‍സി പ്രക്രിയ അങ്ങേയറ്റം അപക്വമാണെന്ന് ഹജേല അഭിപ്രായപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും പുറത്തായ 40 ലക്ഷം പേരും നുഴഞ്ഞുകയറ്റക്കാരാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നിറിയിപ്പ് നല്‍കിയ കോടതി, ഇരുവരും മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് വിലക്കിയിട്ടുണ്ട്.
















