ന്യൂദല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ ലൈംഗിക കുറ്റകൃത്യ കേസുകള്‍ പരിഗണിക്കുന്നതിന് രാജ്യത്ത് 1023 പ്രത്യേക അതിവേഗ കോടതികള്‍ വേണമെന്ന് കേന്ദ്രനിയമ മന്ത്രാലയം. കേസുകളില്‍ അതിവേഗം തീര്‍പ്പു കല്‍പ്പിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതിനായി മെച്ചപ്പെട്ട സൗകര്യമൊരുക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കോടതികള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.
767.25 കോടി രൂപയാണ് രാജ്യത്തുടനീളം ഇത്തരത്തിലുള്ള കോടതികള്‍ സ്ഥാപിക്കുന്നതിന് ചിലവു കണക്കാക്കുന്നത്. ഇതില്‍ 474 കോടി രൂപ കേന്ദ്രസഹായമായി ലഭിക്കും. പോക്സോ കേസുകളടക്കം ഈ കോടതിയിലാകും പരിഗണിക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിയമ മന്ത്രാലയം കൈമാറിയിട്ടുണ്ട്.
















