ഇടുക്കി: മഴയ്‌ക്കൊപ്പം അണക്കെട്ടുകളിലെ ജലശേഖരം കുതിച്ചുയരുന്നത് സര്‍വകാല റെക്കോഡിലേക്ക്. ഇടുക്കി ജലവൈദ്യുത പദ്ധതി ആരംഭിച്ച 1976 മുതല്‍ ഇങ്ങോട്ട് ജൂലൈ മാസത്തില്‍ ഇത്രയധികം ജലശേഖരം ഉയരുന്നത് ചരിത്രത്തിലാദ്യമായാണ്. മഴയ്‌ക്കൊപ്പം ഓരോ ദിവസവും ഈ റെക്കോഡ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഇന്നലെ രാവിലെ ഏഴിന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 88 ശതമാനം വെള്ളമാണ് കെഎസ്ഇബിക്ക് കീഴില്‍ വരുന്ന പ്രധാനപ്പെട്ട 16 സംഭരണികളില്‍ ആകെയുള്ളത്. ഇതുപയോഗിച്ച് 3648.75 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. ഇതിന് മുമ്പ് സപ്തംബറില്‍ 98 ശതമാനത്തിന് മുകളില്‍ വെള്ളം എത്തിയിട്ടുണ്ട്. ഈ വര്‍ഷം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആദ്യ രണ്ട് മാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് ഇത്തരത്തില്‍ വെള്ളം ഉയരുന്നത്. മണ്‍സൂണ്‍ അവസാനിക്കാന്‍ ഇനി രണ്ട് മാസവും തുടര്‍ന്ന് തുലാവര്‍ഷവും വരാനിരിക്കെയാണ് ജലശേഖരം കുതിക്കുന്നത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിയില്‍ ലഭിച്ച മഴയാണ് ഇതിന് കരുത്തായത്. ജില്ലയിലാകെ 225 സെ.മീ മഴ ശരാശരി സപ്തംബര്‍ വരെ പ്രതീക്ഷിച്ചപ്പോള്‍ ഇന്നലെ വരെ ലഭിച്ചത് 200 സെ.മീ. ആണ്. വലുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള പമ്പ, കക്കി സംഭരണികളിലാകെ 89 ശതമാനമാണ് ജലശേഖരം. ഇതിന് തൊട്ട് പിന്നിലായുള്ള കുറ്റ്യാടി രണ്ടര ആഴ്ചയായി നിറഞ്ഞ് കിടക്കുകയാണ്. ഷോളയാര്‍-99, ഇടമലയാര്‍-90, കുണ്ടള-53, മാട്ടുപ്പെട്ടി-82, പൊന്മുടി-97 ശതമാനം എന്നിങ്ങനെയാണ് പ്രധാനപ്പെട്ട മറ്റ് സംഭരണികളിലെ ജലശേഖരം.
സാധാരണ തുലാമഴ മാത്രം ലഭിക്കുന്ന ആനയിറങ്കല്‍ സംഭരണിയില്‍പോലും നിലവില്‍ 31 ശതമാനമാണ് ജലശേഖരം. മഴക്കാലത്തിന് മുമ്പ് സംഭരണി പൂര്‍ണമായും തുറന്നുവിട്ടിരുന്നു. 20 ദിവസത്തിനിടെ വൈദ്യുതി വിറ്റ ഇനത്തില്‍ വകുപ്പിന്റെ അക്കൗണ്ടിലെത്തിയത് 38.58 കോടിയോളം രൂപയാണ്. സംഭരണികളില്‍ അധികമായി ലഭിച്ച വെള്ളം ഒഴുക്കിക്കളയേണ്ടി വന്നതിലൂടെ വകുപ്പിന് കോടികള്‍ നഷ്ടവും ഉണ്ടായിട്ടുണ്ട്.
















