മഞ്ഞുമലകള്‍ക്കിടയില്‍ ചോര മരവിക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ കാര്‍ഗിലില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയതിന്റെ ഓര്മ പുതുക്കിയാണ് കാര്‍ഗില്‍ വിജയ ദിവസ് കടന്നു പോയത്. പാകിസ്ഥാനില്‍ നിന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തി ഇന്ത്യ വിജയം പിടിച്ചെടുത്ത ദിവസമാണത്. ലോകത്തിലെ ഏറ്റവും മനോഹരമായ താഴ്വരയും ഹിമഗിരിനിരകളും എന്നും വെടിയൊച്ചകളാല്‍ മുഖരിതമായിരുന്നു. അന്നുമുതലിന്നോളം, ലോകത്തിലെ ഏറ്റവും പ്രശ്നസങ്കീര്‍ണമായ പ്രദേശങ്ങളിലൊന്നായി കശ്മീര്‍ നമ്മുടെ ദിനങ്ങളെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു.
ലോകം കണ്ടുപരിചയിച്ച യുദ്ധഭൂമിയല്ല കാര്‍ഗില്‍, അതുകൊണ്ട് പരമ്പാരാഗത യുദ്ധതന്ത്രങ്ങള്‍ അവിടെ പ്രായോഗികവുമല്ല. ടാങ്കുകളോ കവചിത വാഹനങ്ങളോ ഉപയോഗിക്കാന്‍ കഴിയുന്നതല്ല പര്‍വത യുദ്ധത്തിന്റെ വ്യാകരണം … കശ്മീരില്‍ കാര്യങ്ങള്‍ വിചാരിച്ചതിനേക്കാള്‍ ഗുരുതരമാണെന്ന് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ വന്‍ തോതില്‍ തന്നെയുള്ള സൈനിക നടപടിക്ക് അനുമതി കൊടുത്തതോടെ, ലോകചരിത്രത്തിലാദ്യമായി രണ്ടു ആണവശക്തികള്‍ തമ്മിലുള്ള യുദ്ധത്തിന്റെ കൊടിപ്പടം ഉയര്‍ന്നു. ഭടന്മാരുടെ മനോവീര്യവും, ദൃഢനിശ്ചയവും തന്നെയാണ് ഇവിടെ പ്രധാന ആയുധങ്ങള്‍. മലമടക്കുകളിലെ ബങ്കറുകളില്‍ പതിയിരിക്കുന്ന ശത്രുവിനോട് വേ്യാമസേന കൊണ്ടും വലിയ കാര്യമില്ല. എങ്കിലും നമ്മുടെ വയസ്സന് മിഗ്-21 വിമാനങ്ങള്‍ സ്തുത്യര്‍ഹമായ രീതിയില്‍ തന്നെ പോരാടി.. മെയ് 27ന് രണ്ടു വിമാനങ്ങള്‍ നമുക്ക് നഷ്ടപ്പെട്ടു. മാരകമായ സ്റ്റിംഗര്‍ മിസൈല്‍ നമ്മുടെ കരുത്തനായ ങക 17 ഹെലികോപ്ടറിനെ തകര്‍ത്തപ്പോള്‍ വിലപ്പെട്ട ഏഴ് വൈമാനികരെക്കൂടി നഷ്ടപ്പെട്ടു.
ഈ ഘട്ടത്തിലാണ്, യുദ്ധത്തിലെ ഏറ്റവും നിര്‍ണായകമായ തീരുമാനം വാജ്പേയി എടുത്തത്… ഏറ്റുമുട്ടല്‍ പ്രതീക്ഷിച്ചിരുന്ന പാക്കിസ്ഥാന്, ഇത് മറ്റുഭാഗങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ച് ഒരു വന്‍യുദ്ധമാക്കി മാറ്റിക്കൊണ്ട് അന്താരാഷ്ട്ര സമൂഹത്തെ ഇടപെടീക്കാനുള്ള നീക്കം നടത്തിയിരുന്നു . വാജ്പേയി തന്ത്രപൂര്‍വം ഈ ചൂണ്ടയില്‍ കൊത്തിയില്ല. ഒരു കാരണവശാലും നിയന്ത്രണ രേഖ കടക്കരുത്, യുദ്ധം നമ്മുടെ ഭൂമി തിരിച്ച് പിടിക്കുന്നതില്‍ മാത്രം നിര്‍ത്തണം എന്ന് അദ്ദേഹം ഉത്തരവിട്ടതോടെ ഭാരതത്തിനു അന്താരാഷ്ട്ര പിന്തുണ വര്‍ദ്ധിച്ചു. അതിനിടെ, കടന്നുകയറ്റത്തില്‍ പാക്കിസ്ഥാന് സേനയ്ക്ക് പങ്കില്ല, അത് മുജാഹിദീനുകളാണ് എന്ന പാക്കിസ്ഥാന് വാദം ഇന്ത്യ വിദഗ്ദ്ധമായി പൊളിച്ചടുക്കി. കടന്നുകയറ്റത്തിന് നേതൃത്വം കൊടുത്ത ജനറല്‍ ഷഹീദ് അസീസും, സേനാമേധാവി ജനറല്‍ പര്‍വേസ് മുഷാറഫും തമ്മിലുള്ള ഒരു ഫോണ്‍ സംഭാഷണം, റോ ചോര്‍ത്തിയിരുന്നു. ഇതില്‍ സേനാനീക്കത്തിന്റെ മുഴുവന്‍ വിവരങ്ങളുമുണ്ടായിരുന്നു. ഈ ഫോണ്‍ സംഭാഷണം ഇന്ത്യ പുറത്ത് വിട്ടു. അതോടെ നയതന്ത്രതലത്തില്‍ പാക്കിസ്ഥാന് പ്രതിരോധത്തിലായി.
പാക് സൈനിക പൊസിഷനുകളുടെ വിശദാംശങ്ങളറിയാന്‍ അമേരിക്കയുടെ ഏജട സംവിധാനത്തിന്റെ സഹായം തേടിയെങ്കിലും നിര്‍ണ്ണായകമായ ഉപഗ്രഹ ഡാറ്റകള്‍ അവര്‍ നല്‍കിയില്ല. അതു കൊണ്ട് ഉയരത്തിലിരിക്കുന്ന ശത്രുവിനെതിരേ കൈ പിന്നില്‍ കെട്ടി യുദ്ധം ചെയ്യുന്ന അവസ്ഥയിലായിരുന്നു നാം. യുദ്ധത്തിന്റെ ആദ്യ ദിനങ്ങളിലെ വലിയ നാശനഷ്ടത്തിന്റെ കാരണമിതാണ്. ആ സമയത്താണ് നമ്മുടെ സ്വാഭാവിക മിത്രമായ ഇസ്രായേലിന്റെ സഹായഹസ്തങ്ങള്‍ അറബിക്കടലിനു മുകളിലൂടെ നീണ്ടത്. അവര്‍ നല്കിയ ഉപഗ്രഹ ഡാറ്റകള്‍ നമ്മുടെ സൈന്യത്തിന് ജീവവായുവായി.
കൃത്യമായി ശത്രുസ്ഥാനങ്ങള്‍ നിര്‍ണ്ണയിച്ചതോടെ വ്യോമസേനയുടെ പണി എളുപ്പമായി. ലേസര്‍ നിയന്ത്രിത ബോംബുകളുപയോഗിച്ച് വ്യോമസേന ശത്രുബങ്കറുകള്‍ ഒന്നൊന്നായി തകര്‍ത്തു… പക്ഷേ യുദ്ധവിജയം എന്നത് കരസേന ആധിപത്യം സ്ഥാപിക്കുന്നിടത്താണ്… ഉയരത്തില്‍, അനുകൂലമായ സാഹചര്യത്തില്‍ ഇരിക്കുന്ന ശത്രുവിനടുത്തേക്കുള്ള ഓരോ ഇഞ്ചും ദുഷ്കരവും അപകടം നിറഞ്ഞതുമാണ്…പക്ഷേ, ആഹാരം പോലുമെടുക്കാതെ അതിനു പകരം ആയുധങ്ങളെടുത്ത്, മലനിരകളുടെ ദുഷ്കരമായ ഭാഗങ്ങള്‍ തെരഞ്ഞെടുത്ത് നമ്മുടെ ജവാന്മാര് ബങ്കറുകളിലേക്ക് അള്ളിപ്പിടിച്ച് കയറുക തന്നെ ചെയ്തു… അങ്ങനെ ജൂണ്‍ പകുതിയോടെ, ലഡാക് ഹൈവേ നിയന്ത്രിക്കാവുന്ന പോയിന്റ് 5060, പോയിന്റ് 5100, ടോലോലിങ് എന്നീ ഉയരങ്ങള്‍ നമ്മള് തിരിച്ച് പിടിച്ചു… ഈ ഏറ്റുമുട്ടലുകളിലാണ് ഏറ്റവുമധികം സൈനികരെ നമുക്ക് നഷ്ടപ്പെട്ടത്.
അതിനിടെ, പോരാട്ടവീര്യത്തിനു കീര്‍ത്തികേട്ട 18 ഗ്രനേഡിയേഴ്സ് ഡിവിഷന്, പാക് സൈനിക സപ്ലൈ ലൈനിനെ, പീരങ്കികളും മോര്‍ട്ടാറുകളുമുപയോഗിച്ച് കശാപ്പ് ചെയ്തുകൊണ്ടിരുന്നു… പാക് ബേസ് ക്യാമ്പായ സ്കാര്‍ദു പട്ടണം അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പായി…സപ്ലൈ മുറിഞ്ഞതോടെ ഉയരത്തിലുള്ള പാക് സൈനികര്‍ തീര്‍ത്തും ഒറ്റപ്പെട്ടു…മനോവീര്യം തകര്‍ന്ന്, വിശന്ന് തളര്‍ന്ന് അവശരായ പാക് സൈനികരെ കീഴ്പ്പെടുത്താന്‍ പിന്നെ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലായിരുന്നു… ജൂലായ് 14ന് ടൈഗര്‍ ഹില്ലും കീഴടങ്ങി…ജൂലായ് 26നു ഓപ്പറേഷന് വിജയ് വിജയകരമായി പര്യവസാനിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അതിനുമുന്‍പ് തന്നെ തോല്‍വി മണത്ത പാക്കിസ്ഥാന്, അമേരിക്കയുടെ സമ്മര്‍ദ്ദത്തില്‍ പിന്മാറ്റം തുടങ്ങിയിരുന്നു. അവിടെയും, പ്രശ്നത്തില്‍ അമേരിക്കയുടെ മധ്യസ്ഥതയ്ക്ക് വേണ്ടി ഒരു കളി അവര്‍ കളിച്ചു. സംഭാഷണത്തിന് വേണ്ടി അമേരിക്കയില്‍ ചെല്ലാന്‍ നവാസ് ഷെരീഫിനോടും വാജ്പേയിയോടും പ്രസിഡന്റ് ക്ലിന്റണ് ആവശ്യപ്പെട്ടു. നവാസ് വാഷിംഗ്ടണില്‍ പറന്നെത്തി. പക്ഷേ തത്കാലം വരാന്‍ സൗകര്യമില്ല എന്നായിരുന്നു നമ്മുടെ നിലപാട്. അങ്ങനെ ആ തന്ത്രവും പാളി.
പലകാര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാണ് കാര്‍ഗില്‍ യുദ്ധം. അന്നുവരെ യുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്ന പതിവില്ലായിരുന്നു. അത് ആദ്യമായി ചെയ്തത് അന്നാണ്. അതിനുവേണ്ടിയാണ് വിദേശനിര്‍മ്മിതമായ അത്യാധുനിക ശവപ്പെട്ടികള്‍ യുദ്ധവേളയില്‍ വാങ്ങിയത്. പര്‍വ്വത മേഖലയിലെ യുദ്ധത്തില്‍ ഏറ്റവും പ്രധാനമാണ് സൈനികരുടെ മനോവീര്യം. അത് നിലനിര്‍ത്താന്‍ വേണ്ടി ചെയ്യാവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്തു. തീമഴ പെയ്യുന്ന യുദ്ധഭൂമിയിലും ബന്ധുക്കളുടെ കത്തുകള്‍ കൃത്യമായി സൈനികര്‍ക്ക് കിട്ടി, അവര്‍ക്ക് ഫോണ്‍ ചെയ്യാന്‍ പ്രത്യേക ഹോട്ട് ലൈനുകള്‍ തുറന്നു. ഭാര്യയും മക്കളും സുരക്ഷിതരായിരിക്കുന്നു, തങ്ങളുടെ അഭാവത്തിലും അവരെ രാജ്യം നോക്കിക്കൊള്ളും എന്നതിനേക്കാള്‍ വലിയ ഒരു ആവേശവും ഒരു ജവാന് കിട്ടാനില്ല. അതാണ് അന്ന് വിജയകരമായി നടപ്പാക്കിയതും.
പട്ടാളക്കാര്‍ ജീവിക്കാനും കുടുംബം പുലര്‍ത്താനും തന്നെയാണ് തോക്കെടുക്കുന്നത്. പക്ഷേ, കഠിനമായ പരിശീലനവും, സൈനിക സാഹചര്യങ്ങളും, രാഷ്ട്രബോധവും സമഞ്ജസമായി സമ്മേളിക്കുമ്പോള്‍ ഓരോ പൗരനും അവന് കുടുംബാംഗങ്ങളാകും. ദേശീയപതാക അവന് അതിരുകളില്ലാത്ത ഊര്‍ജ്ജത്തിന്റെ സ്രോതസ്സാകും. അതുകൊണ്ടാണ്, കുറച്ചുനാള്‍ മുന്‍പ്, ദേശീയപതാക അപമാനിക്കപ്പെട്ടപ്പോള്‍ ജനറല്‍ ബക്ഷി ക്യാമറകള്‍ക്ക് മുന്പില് പോലും മനസ്സാന്നിധ്യം നഷ്ടപ്പെട്ട് വിതുമ്പിപ്പോയത്. കൂലിപ്പട്ടാളമെന്നും, സര്‍ക്കാരിന്റെ ഗുണ്ടാപ്പടയെന്നും പട്ടാളത്തിനെ അപഹസിക്കുന്ന ആധുനിക ബുദ്ധിജീവി വര്‍ഗ്ഗത്തിന് അതൊരിക്കലും മനസ്സിലാകില്ല. അവരിങ്ങനെ ഉറഞ്ഞു തുള്ളുന്നതും, അതിര്‍ത്തിയില്‍ ഇമചിമ്മാതെ കാവലിരിക്കുന്ന പട്ടാളക്കാരന്റെ മനോബലത്തിന്റെയും കായബലത്തിന്റെയും കരുത്തിലാണങ്കില്‍പോലും …
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഈ യുദ്ധഭൂമി ആധുനിക യുദ്ധതന്ത്രങ്ങളുടെ ഒരു വലിയ പാഠപുസ്തകം തന്നെയാണ്… നയതന്ത്രവും, യുദ്ധതന്ത്രവും ഇതുപോലെ സമ്മേളിച്ച മറ്റൊരു പോരാട്ടം ഇതുവരെ ചരിത്രത്തില്‍ നടന്നിട്ടില്ല… ആ ഇതിഹാസ പോരാട്ടത്തിന് നെടുനായകത്വം വഹിച്ച ഭാരതം അന്ന് ഇതിലൂടെ മറ്റൊരദ്ഭുതമാണ് കുറിച്ചത്. ഹിമാലയം നമിച്ചുനിന്ന ആ പോരാട്ടത്തിന് പതിനെട്ട് വയസ്സ് കഴിഞ്ഞിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: