കിഗലി: പ്രധാനമന്ത്രി നരേന്ദ്ര മോദി 200 പശുക്കളെ റുവാണ്ടയ്ക്കു സമ്മാനിച്ചു. കിഴക്കന്‍ പ്രവിശ്യയിലെ റുവേരു മാതൃകാ ഗ്രാമം സന്ദര്‍ശിച്ചാണ് മോദി പശുക്കളെ സമ്മാനിച്ചത്.
റുവാണ്ടയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി പ്രസിഡന്റ് പോള്‍ കഗാമ ആരംഭിച്ച ഗിരിങ്ക പദ്ധതിയിലേക്കാണ് 200 പശുക്കളെ മോദി സമ്മാനിക്കുന്നത്. പാവപ്പെട്ട ഗ്രാമീണര്‍ക്ക് സര്‍ക്കാര്‍ ഓരോ പശുക്കളെ വീതം നല്‍കുന്നതാണ് 2006-ല്‍ ആരംഭിച്ച ഗിരിങ്ക പദ്ധതി. ഇത്തരത്തില്‍ നല്കുന്ന പശുവിന്റെ ആദ്യ പെണ്‍കിടാവിനെ കര്ഷകന് തന്റെ അയല്‍വാസിക്ക് നല്‍കണം. മൂന്നരലക്ഷം ജനങ്ങള്‍ക്ക് പദ്ധതിയുടെ നേട്ടം ലഭിച്ചെന്നാണ് സര്‍ക്കാര്‍ പറയുന്നത്.
റുവാണ്ടന്‍ പ്രസിഡന്റ് പോള്‍ കഗാമയുടെ പ്രത്യേക പദ്ധതിയാണിത്. റുവാണ്ടയില്നിന്നുതന്നെ വാങ്ങിയ പശുക്കളെയാണ് മോദി പദ്ധതിയിലേക്ക് സംഭാവന ചെയ്തത്. 27 വരെ നീളുന്ന ആഫ്രിക്കന്‍ പര്യടനത്തില്‍ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.
റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണു ലഭിച്ചത്. റുവാണ്ടയുമായി ഇന്ത്യ എട്ടു കരാറുകളില്‍ ഒപ്പിട്ടു. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: