കോട്ടയം: ഓണത്തിന് ശേഷം പരീക്ഷ നടത്താനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടു. ആഗസ്ത് 21 മുതല്‍ 28 വരെ നല്‍കുന്ന അവധിക്ക് ശേഷമാണ് ഓണപ്പരീക്ഷ. മലയാളി സമൂഹത്തിന്റെ വിശേഷപ്പെട്ട ആഘോഷമായ ഓണവും ശ്രീകൃഷ്ണ ജയന്തിയും വളരെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്.
ഓണത്തിന് ശേഷം പരീക്ഷ നിശ്ചയിക്കുന്നതിലൂടെ ഓണദിനങ്ങളിലെ പ്രധാന ചടങ്ങുകളിലും, ആഘോഷങ്ങളിലും പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേരുന്ന കൂടിചേരലുകള്‍ സാധ്യമല്ലാതാകുന്നതോടെ കുടുംബഐക്യം ഊട്ടി ഉറപ്പിക്കപ്പെടുന്ന ആഘോഷ നാളുകള്‍ നഷ്ടമാകും. ഓണാഘോഷത്തിന് പത്തുദിന അവധി വെട്ടിച്ചുരുക്കി എട്ടുദിവസം ആക്കിയ വിദ്യാഭ്യാസ വകുപ്പ് നടപടിയും പിന്‍വലിക്കണം. തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ, പരീക്ഷാ കണ്‍ട്രോളര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കും.
















