കാസര്‍കോട്: അന്ത്യോദയ എക്സ്‌പ്രസിന് കാസര്‍കോടും ആലപ്പുഴയിലും സ്റ്റോപ്പ് അനുവദിച്ചു. ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ എം.പി വി. മുരളീധരനെയാണ് ഇക്കാര്യം അറിയിച്ചത്.
സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ വി.മുരളീധരന് നിവേദനം നല്‍കിയിരുന്നു. തുടര്‍ന്നാണ് താത്കാലികായി സ്റ്റോപ്പ് അനുവദിച്ച് കൊണ്ട് റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ഉത്തരവിറക്കിയത്. സാധാരണക്കാരന് നിസാര ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന ട്രെയിനാണ് അന്ത്യോദയ എക്‌സ്‌പ്രസ്.
അന്ത്യോദയ എക്‌സ്‌പ്രസിന് കാസര്‍കോട് സ്റ്റോപ്പില്ലാത്തതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ സമരത്തിന്റെ ഭാഗമായി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചിരുന്നു.
















