കൊല്ലം: വേണാട് രാജവംശത്തിന്റെ അടിവേരെന്ന് കരുതപ്പെടുന്ന കീഴ്‌പേരൂരിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ക്ഷേത്രലിഖിതം കിഴക്കേ കല്ലടയില്‍ കണ്ടെത്തി. കിഴക്കേ കല്ലട പൈങ്ങവേലി ഗോശാലകൃഷ്ണക്ഷേത്രത്തില്‍ മറഞ്ഞുകിടന്ന അപൂര്‍വലിഖിതം ചരിത്രഗവേഷകനായ ഡോ. സുരേഷ്മാധവാണ് വായിച്ചെടുത്തത്.
‘കീഴ്‌പേരൂര് ശ്രീവീരകോതആദിച്ചവര്‍മ്മ മന്നരെന്നുള്ളു തിരുവരം’ എന്നാണ് രേഖയിലുള്ളത്. ആദ്യമായാണ് കീഴ്‌പേരൂര്‍ എന്ന് പരാമര്‍ശമുള്ള ഒരു രേഖ കൊല്ലത്തുനിന്ന് കണ്ടെടുക്കുന്നത്. പത്മനാഭസ്വാമിക്ഷേത്രത്തില്‍ മണ്ഡപങ്ങള്‍ പണികഴിപ്പിച്ച വീരകോത ആദിച്ചവര്‍മ്മയാണ് പൈങ്ങവേലി ക്ഷേത്രത്തിന്റെ മുഖമണ്ഡപം നിര്‍മ്മിച്ചുനല്‍കിയതെന്ന് സുരേഷ് പറയുന്നു. വിഷ്ണുഭക്തനായിരുന്ന ആദിത്യവര്‍മ്മ കേരളത്തില്‍ സ്ഥാപിച്ച തിരുപ്പതികളില്‍ ഒന്നായിരുന്നു പൈങ്ങവേലി ക്ഷേത്രം. ക്ഷേത്രത്തിനോടു ചേര്‍ന്ന് കൊട്ടാരവുമുണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടില്‍ കല്ലട ആക്രമിച്ച പോര്‍ച്ചുഗീസുകാര്‍ ഈ ക്ഷേത്രവും നശിപ്പിച്ചു.
വേണാടിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുതുവെളിച്ചമാണ് പൈങ്ങുവേലി ക്ഷേത്രലിഖിതം. പന്തളം എന്‍എസ്എസ് കോളേജിലെ മലയാളവിഭാഗം അധ്യാപകനാണ് സുരേഷ് മാധവ്.
















