തിരുവനന്തപുരം: ലോക്കപ്പുകള്‍ തല്ലാനും കൊല്ലാനുമുള്ളതല്ലെന്ന് മുഖ്യമന്ത്രി. അടിയന്തരാവസ്ഥക്കാലത്ത് ആളുമാറി രാജനെ ലോക്കപ്പ് മര്‍ദനത്തില്‍ കൊന്ന കാര്യം മറന്നു പോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ലോക്കപ്പ് മര്‍ദനത്തെ ലാഘവമായി കാണുന്നില്ല. അന്വേഷണത്തില്‍ വീഴ്ചയുണ്ടെങ്കില്‍ കോടതി പരിശോധിക്കും. അന്വേഷണസംഘം നിയമോപദേശം തേടുന്നതില്‍ അസ്വഭാവികതയില്ല. അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ല. നിലവിലെ അന്വേഷത്തില്‍ ശ്രീജിത്തിന്റെ കുടുംബം പൂര്‍ണ തൃപ്തരാണ്. സിബിഐ അന്വേഷണം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്പി എ.വി. ജോര്‍ജിനെ പ്രതി ചേര്‍ക്കേണ്ടതില്ലെന്ന നിയമോപദേശം വാങ്ങിയതിലൂടെ കേസന്വേഷണം അട്ടിമറിക്കാനാണു ശ്രമമെന്ന് സതീശന്‍ ആരോപിച്ചു. പോലീസ് കസ്റ്റഡിയില്‍ ഇരിക്കെ ശ്രീജിത്തിന് വെള്ളം നല്‍കാന്‍ അമ്മ ചെന്നപ്പോള്‍ ആട്ടിപ്പായിച്ചു. എസ്പിയുടെ സംഘം ശ്രീജിത്തിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിയത് സിപിഎമ്മുകാര്‍ പറഞ്ഞിട്ടാണ്. ഏരിയാ കമ്മറ്റി സെക്രട്ടറിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതോടെ കേസ് അന്വേഷണം നിലച്ചു. പോലീസിന് തെറ്റു പറ്റിയെന്ന് എല്ലാ ദിവസവും പറയേണ്ടിവന്ന ദൗര്‍ഭാഗ്യവാനായ മുഖ്യമന്ത്രിയാണ് നമുക്കുള്ളതെന്നും സതീശന്‍ പറഞ്ഞു.
അന്വേഷണത്തില്‍ കുടുംബം സംതൃപ്തരാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സഭയെ തെറ്റിദ്ധരിപ്പിക്കലാണെന്ന് പ്രതിപക്ഷന നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
















