മലപ്പുറം: ഭ്രാന്ത് പകരുമോ എന്ന ചോദ്യം കേട്ട് ഞെട്ടേണ്ട. കവി ഉദ്ദേശിച്ചത് ഫുട്ബോള്‍ ഭ്രാന്താണ്. കൊച്ചുകുട്ടികളുടെ മുതല്‍ പ്രായമായവരുടെ വരെ സിരകളില്‍ ലോകകപ്പ് ഫുട്ബോള്‍ എന്ന ‘ഭ്രാന്ത്’ പടരുന്ന സമയമായി. മലപ്പുറത്തിന്റെ വീഥികള്‍ റഷ്യന്‍ ലോകകപ്പിനെ നെഞ്ചോട് ചേര്‍ക്കാന്‍ ഫ്ളക്സ് ബോര്‍ഡുകളും കട്ടൗട്ടുകളും തയ്യാറായിക്കഴിഞ്ഞു.
ലോക ഫുട്‌ബോളിലെ വന്‍ശക്തികളായ ബ്രസീലിന്റെ സാംബാ താളവും, അര്‍ജന്റീനയുടെ മാസ്മരിക സൗന്ദര്യവും റഷ്യയുടെ മണ്ണില്‍ പേമാരി വിരിയിക്കുന്നതും കാത്തുനില്‍ക്കുകയാണ് മലപ്പുറം. ഇതൊക്കെ കണ്ടാല്‍ റഷ്യയിലെ കളി മലപ്പുറത്താണ് നടക്കുന്നതെന്ന് പോലും തോന്നിപോകും. നിപ ഭീതിയില്‍ ആവേശം തെല്ല് കുറഞ്ഞിട്ടുണ്ടെങ്കിലും ഫുട്ബോളിനെ മറക്കാന്‍ മലപ്പുറത്തിനാകുമോ..! ക്ലബ്ബുകള്‍ തങ്ങളുടെ ഇഷ്ട ടീമിന്റെ ഫ്ളക്സ് തൂക്കുന്ന തിരക്കിലാണ്. നിപ വന്നത് കാരണം ലോട്ടറിയടിച്ചത് സ്‌കൂള്‍ കുട്ടികള്‍ക്കാണ്, സ്‌കൂള്‍ തുറക്കുന്നത് നീട്ടിവെച്ചു. അതുവരെ കളിക്കളങ്ങളില്‍ ആവേശപൂര്‍വം പന്ത് തട്ടുകയാണവര്‍. ബ്രസീലിനും അര്‍ജന്റീനക്കുമാണ് കൂടുതല്‍ ആരാധകരെങ്കിലും പോര്‍ച്ചുഗലിനും, ജര്‍മനിക്കും, ഫ്രാന്‍സിനും, ബെല്‍ജിയത്തിന് പോലും ആരാധകരുണ്ട് മലപ്പുറത്തിന്റെ മണ്ണില്‍.
തങ്ങളുടെ നാട്ടുകാര്‍ക്ക് ജീവിതമാര്‍ഗം നല്‍കിയ സൗദിക്കും ആരാധകരുണ്ട്. സൗദിയോടുള്ള നാടിന്റെ നന്ദി അവര്‍ ചുവരുകളില്‍ തീര്‍ക്കുന്നു. റൊണാള്‍ഡോക്കും പോര്‍ച്ചുഗലിനും പിന്തുണ കൂടുന്ന മലപ്പുറം കാഴ്ചയും ഇക്കുറി കാണാം. ക്ലബുകളിലും കടകളിലും ചര്‍ച്ചാ വിഷയം ഫുട്ബോളിലേക്ക് മാറിത്തുടങ്ങിയിരിക്കുന്നു. നിപയുടെ പേടിയില്‍ നിന്ന് ലോകകപ്പിന്റെ ആവേശത്തിലേക്ക് ഗോളടിച്ച് മുന്നേറുകയാണ് ചര്‍ച്ചകള്‍. മീശമുളക്കാത്തവനും കലുങ്കില്‍ വെറുതെ ഇരിക്കുന്നവനും അവന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്നു.
ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍… റഷ്യ, മെസി, നെയ്‌മര്‍, റൊണാള്‍ഡോ, അര്‍ജന്റീന തുടങ്ങി തങ്ങളുടെ ഇഷ്ടങ്ങള്‍ പങ്കുവെക്കുന്ന തിരക്കിലാണവര്‍. സോഷ്യല്‍ മീഡിയയിലും മാറ്റത്തിന്റെ കാറ്റാണ്. സ്വന്തം ടീമിന് വേണ്ടി ഫാന്‍ പേജുകളും കവര്‍ പിക്കുകളും ഉണ്ടാക്കുന്ന തിരക്കിലാണ് മുണ്ടുപറമ്പിലെ ഒരുകൂട്ടം മെസി ആരാധകര്‍. തിമിര്‍ക്കുന്ന കാലവര്‍ഷം ഇവിടെ പലരുടേയും നെഞ്ചിടിപ്പിക്കുന്നില്ല പക്ഷെ, അവരുടെ നെഞ്ചിടിക്കുന്നത് പന്തിനെ ഓര്‍ത്താണ്. അര്‍ധരാത്രികളില്‍ കൂറ്റന്‍ സ്‌ക്രീനുകളില്‍ തെളിയുന്ന ഓരോ കളിയും പലര്‍ക്കും ജീവന്‍മരണ പോരാട്ടമാണ്. അതെ, മലപ്പുറത്ത് ഫുട്ബോള്‍ പകരുന്ന ഭ്രാന്താണ്.
ബിബിന്‍ വൈശാലി
















