ന്യൂദല്‍ഹി; കര്‍ണ്ണാടകത്തില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കി മല്‍സരിക്കാന്‍ കോണ്‍ഗ്രസും െജഡിയുവും തീരുമാനിച്ചതു പോലെ ദല്‍ഹിയില്‍ ആപ്പുമായി ധാരണയുണ്ടാക്കാനും കോണ്‍ഗ്രസ് ശ്രമം തുടങ്ങി. സ്വന്തം അസ്തിത്വവും വിലയും കളഞ്ഞാണെങ്കില്‍ പോലും മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് ശ്രമം. കര്‍ണ്ണാടകത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ ദളിനു മുന്‍പില്‍ അടിയറവ് പറഞ്ഞുകഴിഞ്ഞു.
അതേസമയം സഖ്യനീക്കങ്ങള്‍ തുടരുമ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ കടുത്ത നിലപാടുകള്‍ സ്വീകരിച്ചും തുടങ്ങി.യുപിയിലെ 80 ലോക്‌സഭാ സീറ്റുകളില്‍ 40 എണ്ണവും വേണമെന്നാണ് ബിഎസ്പി നേതാവ് മായാവതിയുടെ നിലപാട്.
ദല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റുകളില്‍ സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശ്രമം തുടങ്ങി. ഒറ്റയ്‌ക്ക് മല്‍സരിച്ചാല്‍ പച്ചതൊടില്ലെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കനും ആപ്പ് വക്താവ് ദിലീപ് പാണ്ഡെയും തമ്മിലുള്ള ട്വിറ്റര്‍ സന്ദേശങ്ങളാണ് നീക്കം പുറത്തു കൊണ്ടുവന്നത്. എന്നാല്‍ നീക്കം പുറത്തായതോടെ ചര്‍ച്ചകള്‍ നടന്നിട്ടില്ല, ജനം തള്ളിയ ആംആദ്മിയുമായി എന്തിനാണ് സഖ്യം, ഒരു സഖ്യവുമില്ല തുടങ്ങിയ വാദങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
യുപിയിലെ കൈരാന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത് ബിഎസ്പിയും സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും എല്ലാം തുണച്ച ആര്‍എല്‍ഡി സ്ഥാനാര്‍ഥി തബ്‌സും ഹസനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇത്തരം സഖ്യമുണ്ടാക്കാനാണ് നീക്കം. 80 സീറ്റുകളില്‍ 40 എണ്ണമെങ്കിലും തങ്ങള്‍ക്ക് വേണമെന്നാണ് മായാവതിയുടെ നിലപാടെന്ന് ബിഎസ് പി നേതാക്കള്‍ പറയുന്നു. മാന്യമായ സീറ്റ് ധാരണയില്ലെങ്കില്‍ തങ്ങള്‍ ഒറ്റയ്‌ക്ക് മല്‍സരിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പാര്‍ട്ടി പരിപാടിയില്‍ മായാവതി പ്രസംഗിച്ചിരുന്നു. തങ്ങളുടെ കൂടി പിന്തുണയില്ലെങ്കില്‍ പ്രതിപക്ഷ മഹാസഖ്യം എങ്ങുമെത്തില്ലെന്ന് മായാവതിക്കറിയാം. അതിനാല്‍ മുന്നേകൂട്ടി വിലപേശാനുള്ള വഴി തുറന്നിടുകയാണ് അവര്‍.
2014ലെ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ രണ്ടാം സ്ഥാനത്തു വന്ന സ്ഥലങ്ങളില്‍ അവരവര്‍ തന്നെ പരസ്പര പിന്തുണയോടെ മല്‍സരിക്കാനാണ് എസ്പിയും ബിഎസ്പിയും ആലോചിച്ചിരുന്നത്. അങ്ങനെ വരുമ്പോള്‍ കോണ്‍ഗ്രസ് അടക്കമുള്ള ഇതര കക്ഷികള്‍ക്ക് കാര്യമായി ഒന്നും ലഭിക്കില്ല. അങ്ങനെ വന്നാല്‍ മായാവതിക്ക് 34 സീറ്റും സാമാജ്വാദി പാര്‍ട്ടിക്ക് 31 സീറ്റും നല്‍കേണ്ടിവരും.പിന്നെ 15 സീറ്റാണ് മിച്ചം. കോണ്‍ഗ്രസ്, ആര്‍എല്‍ഡി അടക്കമുള്ളവര്‍ക്ക് നല്‍കാന്‍ മതിയാവില്ല.വോട്ട്‌വിഹിതം കണക്കിലെടുത്താല്‍ തങ്ങള്‍ക്ക് 40 സീറ്റു തന്നെ വേണമെന്നാണ് ബിഎസ്പിയുടെ നിലപാട്.
















