കോട്ടയം: നീതി നിര്‍വഹണത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീഴ്ച ഗൗരവമുള്ളതാണെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. കോട്ടയം നട്ടാശേരിയില്‍ കെവിന്റെ വീട് സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. സ്ത്രീകളുടെ പരാതിയില്‍ പോലീസ് ഉദാസീനത കാട്ടുന്നു. പോലീസിന്റെ ഇത്തരം വികലമായ സമീപനത്തിനെതിരെ ചര്‍ച്ചകള്‍ നടത്തേണ്ടിവരുമെന്നും ജോസഫൈന്‍ പറഞ്ഞു.
സ്ത്രീകളുടെ പരാതികള്‍ പോലീസ് പലപ്പോഴും അവഗണിക്കുന്നു. പോലീസിന്റെ ഇത്തരം സമീപനം ചര്‍ച്ചചെയ്യപ്പെടണം. സ്ത്രീകളുടെ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ സംവിധാനം രൂപപ്പെടുത്തും. ദുരഭിമാന കൊലപാതകം ലജ്ജിപ്പിക്കുന്ന സംഭവമാണ്. കെവിന്റെ ഭാര്യ നീനുവിനെയും മറ്റ് കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ജോസഫൈന്‍ കേസ് അന്വേഷണം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളിലും വനിതാകമ്മീഷന്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി.
കമ്മീഷനംഗം ഇ.എം. രാധയും ജോസഫൈനൊപ്പമുണ്ടായിരുന്നു. ബുധനാഴ്ച കെവിന്റെ വീട്ടിലേക്ക് വരും വഴി വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ജോസഫൈന്‍ ഇന്ന് രാവിലെയാണ് കെവിന്റെ വീട്ടിലെത്തിയത്.
















