കോട്ടയം: കെവിനുമൊത്തുള്ള ജീവിതം സ്വപ്‌നം കണ്ട നീനുവിന് പ്രിയതമന്റെ ചേതനയറ്റ ശരീരത്തിലേക്ക് ഒന്നേ നോക്കാന്‍ കഴിഞ്ഞുള്ളു. ഹൃദയം പൊട്ടിയ വേദനയോടെ അവള്‍ മൃതദേഹം സൂക്ഷിച്ച പെട്ടിയുടെ മുകളിലേക്ക് വീണു. അതില്‍ കെട്ടിപ്പിടിച്ച് കരയുന്ന രംഗം ഏറെ വികാരഭരിതമായിരുന്നു. കെവിന്റെ അച്ഛന്‍ ജോസഫ് സാന്ത്വനപ്പെടുത്താന്‍ ഏറെ പണിപ്പെട്ടു. ഭരണകൂടത്തിന്റെ ക്രൂരതയുടെ ഇരയായ തന്റെ പ്രിയതമന് അന്ത്യചുംബനം മാത്രം നല്‍കി അവള്‍ യാത്രയാക്കി. ഒരു ദിവസം പോലും ഒരുമിച്ച് കഴിയുന്നതിനുമുമ്പേ തന്നെ വിട്ടുപോയ പ്രാണന്‍ തിരികെ വരില്ലെന്ന വേദനയോടെ അവള്‍ തളര്‍ന്നിരുന്നു.
ഹൃദയം നുറുങ്ങുന്ന വേദനയോടെ നീനു അലമുറയിടുമ്പോള്‍ വീടിനും പരിസരത്തും തിങ്ങിക്കൂടിയ ആയിരങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലായിരുന്നു. കെവിന്റെ അമ്മയുടെയും സഹോദരിയുടെയും കരച്ചിലും എല്ലാവരിലും നൊമ്പരമുണ്ടാക്കി. കുടുംബാംഗങ്ങളുടെയും നീനുവിന്റെയും ദുഃഖത്തില്‍ ജനങ്ങള്‍ നിശബ്ദമായി പങ്കുചേരുകയായിരുന്നു. കെവിന്റെ അച്ഛന്‍ ജോസഫ് താങ്ങി പിടിച്ചാണ് നീനുവിനെ മൃതദേഹത്തിന്റെ അടുത്തെത്തിച്ചത്.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം കെവിന്റെ കുമാരനല്ലൂര്‍ നട്ടാശ്ശേരിയിലെ വീട്ടിലെത്തിച്ചത്. ഉച്ചയ്‌ക്ക് കുന്നുമ്മല്‍ മൗണ്ട് കാര്‍മല്‍ പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഗുഡ് ഷെപ്പേര്‍ഡ് പള്ളിയില്‍ വൈകിട്ട് അഞ്ചോടെയായിരുന്നു സംസ്‌കാരം. ഹര്‍ത്താല്‍ അവഗണിച്ചും ആയിരക്കണക്കിന് ജനങ്ങളാണ് കെവിനെ അവസാനമായി കാണാന്‍ എത്തിയത്.
















