സിഡ്‌നി: കഴിഞ്ഞ 22 വര്‍ഷത്തിനിടയ്‌ക്ക് ഓസ്‌ട്രേലിയയില്‍ സംഭവിച്ച ഏറ്റവും ദാരുണമായ വെടിവെപ്പില്‍ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. ഈ കുടുംബത്തിലെ മൂന്നു തലമുറകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. തന്റെ കുടുംബത്തിലെ ആറു പേരെ വെടിവെച്ചു കൊന്നതിനു ശേഷം മുത്തച്ഛന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കത്രീന മൈല്‍സ്(35), കത്രീനയുടെ മൂന്നു മക്കള്‍, കത്രീനയുടെ അമ്മ സിന്‍ഡ മൈല്‍സ്(58), അച്ഛന്‍ പീറ്റര്‍ മൈല്‍സ്(61) എന്നിവരെയാണ് വെടിയേറ്റു മരിച്ച നിലയില്‍ പശ്ചിമ ഓസ്‌ട്രേലിയയിലെ മാര്‍ഗരറ്റ് നദിയുടെ തീരത്തുള്ള ഇവരുടെ വീട്ടുവളപ്പില്‍ കണ്ടെത്തിയത്. മറ്റുള്ളവരെ വെടിവെച്ചു കൊന്നതിനു ശേഷം പീറ്റര്‍ മൈല്‍സ് ആത്മഹത്യ ചെയ്തു എന്നാണ് പോലീസ് കണ്ടെത്തിയത്.
1996ല്‍ 35 പേരുടെ മരണത്തിനിടയാക്കിയ കൂട്ടക്കൊലയ്‌ക്കു ശേഷം ഓസ്‌ട്രേലിയയില്‍ ഇത്ര ദാരുണമായി സംഭവം ഇതാദ്യം. ടാന്‍സാനിയയിലെ പോര്‍ട്ട് ആര്‍തറിലായിരുന്നു ആ കൂട്ടക്കൊല.
കത്രീനയുടേയും മക്കളുടേയും മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നും സിന്‍ഡയുടേയും പീറ്ററിന്റേയും മൃതദേഹങ്ങള്‍ വളപ്പിലെ മറ്റൊരു ഷെഡ്ഡില്‍ നിന്നുമാണ് കണ്ടെത്തിയത്. പീറ്ററിന്റെ പേരില്‍ ലൈസന്‍സുള്ള മൂന്നു തോക്കുകളും സംഭവ സ്ഥലത്തു നിന്നു കണ്ടെത്തി.
പീറ്ററാണ് കൃത്യം ചെയ്തതെന്നു ഉറപ്പായതിനാല്‍ മറ്റു സംശയങ്ങളിലെന്നാണ് പോലീസ് പറയുന്നത്. വീട്ടില്‍ വെടിവെപ്പു നടക്കുന്നു എന്ന് പോലീസിനെ വിളിച്ച് പറഞ്ഞിരുന്നു. അത് പുരുഷ ശബ്ദമായിരുന്നു. അന്വേഷണം പീറ്ററിലേക്ക് കേന്ദ്രീകരിക്കാനുള്ള പ്രധാന കാരണം ഈ ഫോണ്‍കോളാണ്.
















