മാഡ്രിഡ്: കളിമണ്‍ കോര്‍ട്ടില്‍ തുടര്‍ച്ചയായ അമ്പതു വിജയങ്ങളുടെ റെക്കോഡിട്ട് ഇതിഹാസ താരം ജോണ്‍ മെക്കന്റോയെ മറിടകന്നതിനു തൊട്ടു പിറ്റേന്ന് റാഫേല്‍ നദാലിനു തോല്‍വി. മാഡ്രിഡ് മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറല്‍ ഓസ്ട്രിയയുടെ ഡൊമനിക് തിയമിനോടു തോറ്റതോടെ ഒന്നാം നമ്പര്‍ പദവിയും സ്പാനിഷ് ടെന്നിസ് താരത്തിനു നഷ്ടമായി.
7-5, 6-3 നായിരുന്നു ഡൊമനിക് തിയമിന്റെ ജയം. കഴിഞ്ഞ മാസം മൊന്റേ കാര്‍ലോ ചാംപ്യന്‍ഷിപ്പില്‍ നദാലിനോടു തോറ്റതിനുള്ള പ്രതികാരവുമായി ഡൊമനിക്കിന് ഈ വിജയം. അഞ്ചു തവണ നദാലിന്റെ സര്‍വീസുകള്‍ ബ്രേക് ചെയ്യാന്‍ കഴിഞ്ഞതാണ് ഓസ്ട്രിയന്‍ താരത്തിനു മുന്‍തൂക്കമായത്.
സ്വിസ് താരം റോജര്‍ ഫെഡറര്‍ ഒന്നാം നമ്പര്‍ സ്ഥാനത്തേക്കു തിരിച്ചെത്തി. എന്നാല്‍ ഞായറാഴ്ച ആരംഭിക്കുന്ന റോം മാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ ഒറ്റ വിജയം മതി നദാലിനു ഒന്നാം നമ്പര്‍ തിരിച്ചു പിടിക്കാന്‍.
















