തിരുവനന്തപുരം: പോലീസിലെ രാഷ്‌ട്രീയ അതിപ്രസരത്തിനെതിരെ ഇന്റലിജന്‍സ് രംഗത്ത്. അസോസിയേഷന്‍ സമ്മേളനങ്ങളിലെ രക്തസാക്ഷി അനുസ്മരണവും സമ്മേളനങ്ങളിലെ മുദ്രാവാക്യം വിളികളും ചട്ടവിരുദ്ധമാണെന്ന് ഇന്റലിജന്‍സ് വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രിമാരെ പേരെടുത്ത് അധിക്ഷേപിക്കുന്നുവെന്നതായും നിയമാവലി മറികടന്ന് സംഘടനയിലെ ലോഗോയില്‍ മാറ്റം വരുത്തിയതായും ഇന്റലിജന്‍സ് കണ്ടെത്തി. സംഭവത്തില്‍ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റയ്‌ക്ക് റിപ്പോര്‍ട്ട് കൈമാറി. റിപ്പോര്‍ട്ടിനെ ഗൗരവമായാണ് കാണുന്നതെന്ന് ബഹ്‌റ വ്യക്തമാക്കി.
കഴിഞ്ഞദിവസം പോലീസ് അസോസിയേഷന്‍ എറണാകുളം റൂറല്‍ ജില്ലാ സമ്മേളനത്തിലും രക്തസാക്ഷി അനുസ്മരണ മുദ്രാവാക്യം ഉയര്‍ന്നിരുന്നു. രാഷ്‌ട്രീയത്തില്‍ പോലീസ് ഇടപെടാന്‍ പാടില്ലെന്നിരിക്കെ മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണിക്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍സെക്രട്ടറിയുടെ വക രൂക്ഷവിമര്‍ശനവുമുണ്ടായി. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഎം മോഡലില്‍ രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് വിളിച്ചത് ഏറെ വിവാദമായിരുന്നു.
ആലുവ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനത്തിലാണ് പത്തനംതിട്ട മോഡലില്‍ മുദ്രാവാക്യം വിളി ഉയര്‍ന്നത്. ചുവന്ന സ്തൂപത്തിനു മുന്നില്‍ നിരന്ന പ്രതിനിധികള്‍ രക്തസാക്ഷികള്‍ക്ക് സിന്ദാബാദ് വിളിച്ചു. പോലീസ് രാഷ്‌ട്രീയപരമായോ ഭരണ പ്രതിപക്ഷത്തെക്കുറിച്ചോ പരാമര്‍ശിക്കാന്‍ പാടില്ലെന്നാണ് ചട്ടം. എന്നാല്‍ മുന്‍ മുഖ്യമന്ത്രി എകെ.ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു ഉന്നയിച്ചത്.
പോലീസ് അസോസിയേഷന് അംഗീകാരം നല്‍കിയതിനാണ് 1980 ലെ നായനാര്‍ സര്‍ക്കാരിനുള്ള പിന്തുണ, അന്നത്തെ കോണ്‍ഗ്രസ് (യു) വിഭാഗം നേതാവായിരുന്ന എ.കെ.ആന്റണി പിന്‍വലിച്ചതെന്നായിരുന്നു വിമര്‍ശനം. ആ ചരിത്രം പഠിക്കണമെന്നും ആ എ.കെ. ആന്റണിയുടെ അനുയായികളാണ് അസോസിയേഷന്‍ രാഷ്‌ട്രീയവത്കരിക്കുന്നു എന്നുപറഞ്ഞ് നടക്കുന്നവരെന്നും ബിജു പറഞ്ഞു. എന്നാല്‍ 1979ലെ പി.കെ.വാസുദേവന്‍ നായര്‍ സര്‍ക്കാരാണ് അസോസിയേഷന് അംഗീകാരം നല്‍കിയത്. ഇക്കാര്യം മറച്ചുവെച്ചാണ് ആന്റണിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.
















