ന്യൂദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെ കണ്ടെത്താന്‍ ഗോത്രവര്‍ഗങ്ങളുടെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പ്രവിശ്യ പോലീസ് ഓഫീസ് വക്താവ് സബ്യുല്ലാഹ് ഷോജ അറിയിച്ചു. അഫ്ഗാനിസ്ഥാന്‍ പോലീസ് സേനഇവര്‍ക്കായി തെരച്ചില്‍ നടത്തുന്നതിന് പുറമേയാണിത്.
കെഇസി ഇന്റര്‍നാഷണല്‍, ആര്‍ജി ഗ്രൂപ്പ് കമ്പനി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെയാണ് തട്ടിക്കൊണ്ടുപോയത്. ചെഷ്മ-ഇ- ഷേര്‍ തീവ്രവാദികളുടെ സാന്ദ്രത കൂടിയ സ്ഥലമാണ് ബഗ്‌ലാന്‍. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വൈദ്യുതി പവര്‍ പ്ലാന്റിലേക്ക് ബസില്‍ സഞ്ചരിക്കുകയായിരുന്നു ഇവര്‍. സംഘം തട്ടിക്കൊണ്ടുപോയതില്‍ ഒരു അഫ്ഗാന്‍ ഡ്രൈവറും ഉള്‍പ്പെടും.
അതേസമയം ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയത് താലിബാന്‍ തീവ്രവാദികളാണെന്ന് ബഗ്‌ലാന്‍ ഗവര്‍ണര്‍ ആരോപിച്ചു. അഫ്ഗാനിസ്ഥാന്‍ സര്‍ക്കാര്‍ ജോലിക്കാരാണ് ഇവരെന്ന് കരുതിയാണ് ഇവരെ കടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
തട്ടിക്കൊണ്ടു പോയവരെ മോചിപ്പിക്കാനായി ഇന്ത്യന്‍ എംബസി ശ്രമമാരംഭിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2016ല്‍ ഇന്ത്യന്‍ സാമൂഹ്യ പ്രവര്‍ത്തകയായ ജൂഡിത് ഡിസൂസയെ ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോയിരുന്നു. 40 ദിവസത്തിനു ശേഷമാണ് മോചിപ്പിച്ചത്. അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക ഉന്നമനത്തിനായി ഇന്ത്യ 200 കോടി രൂപയാണ് ഇതുവരെ നല്‍കിയത്.
















