കോഴിക്കോട്: ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണത്തെ തുടര്‍ന്ന് സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ശശിയുടെ സഹോദരന്‍ പി.സതീശനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. ആശ്രിത നിയമനത്തിന്റെ പേരിൽ കോഴിക്കോട് ഫറൂഖ് സ്വദേശിനിയായ വീട്ടമ്മയിൽ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ആരോപണം.
മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പേര് പറഞ്ഞാണ് സതീശൻ തന്റെ കൈയിൽ നിന്നും പണം തട്ടിയതെന്നും പരാതിക്കാരി ആരോപിക്കുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവ് തദ്ദേശ സ്വയംഭരണ വകുപ്പിൽ ജോലി ചെയ്തിരുന്നു. അദ്ദേഹത്തിന്റെ മരണ ശേഷം തനിക്ക് ജോലി ശരിയാക്കിത്തരാം എന്ന് വാഗ്ദാനം ചെയ്താണ് സതീശൻ പണം വാങ്ങിയത്.
ആദ്യ ഘട്ടത്തിൽ 40,000 രൂപ നൽകി. പിന്നീട് പലപ്പോഴായി ബാക്കി തുകയും കൈമാറി. പണം നൽകിയതിന്റെ ബാങ്ക് രേഖകൾ തന്റെ കൈവശമുണ്ടെന്ന് യുവതി പറഞ്ഞു. എന്നാൽ, ജോലി ലഭിക്കാതെ വന്നതോടെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. തന്റെ മുന്നിൽ വച്ച് ഇയാൾ മുഖ്യമന്ത്രിയോടും കോടിയേരിയോടുമൊക്കെയെന്ന തരത്തിൽ ഫോണിൽ സംസാരിക്കുമായിരുന്നുവെന്നും ഇതെല്ലാം കേട്ട് സതീശനെ വിശ്വസിച്ചു പോയെന്നും പരാതിക്കാരി പറഞ്ഞു.
















