തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ മൊഴി നല്‍കാന്‍ സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലയോട് ഇന്ന് ഹാജരാകേണ്ടെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. നോട്ടീസ് ലഭിച്ച ശേഷം ഹാജരായാല്‍ മതിയെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.
അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി ഐ.ജിക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അശ്വതിയോട് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശിച്ചത്. ലിഗയുടെ പേരില്‍ 3.8 ലക്ഷം രൂപ അശ്വതി പിരിച്ചെടുത്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അശ്വതി അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അശ്വതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട പോലീസ് നടപടിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
















