കൊച്ചി: കൊച്ചിയിലെ വിവിധ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോറോ ( റോള്‍ ഓണ്‍ റോള്‍ ഓഫ്) സര്‍വീസിന് തുടക്കമായി. 16 കോടി രൂപ ചെലവാക്കി നടപ്പാക്കിയ സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കൊച്ചി കോര്‍പ്പറേഷനാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
ഫോര്‍ട്ട് കൊച്ചിക്കും വൈപ്പിനും ഏറെ ഗുണകരമാണ് ഈ സര്‍വീസ്. ഇരുവശത്തുകൂടിയും വാഹനങ്ങൾ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറാണ് റോറോ. നിലവിലെ ജങ്കാറിൽ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാൽ റോറോ വാഹനങ്ങളെ അക്കരെ കടത്താൻ ഒരു പാലം പോലെ പ്രവർത്തിക്കും.
എട്ട് കോടി രൂപ ചെലവിൽ കൊച്ചി കപ്പൽശാലയിലാണ് റോറോ യാനങ്ങൾ നിർമിച്ചത്. എട്ട് കോടി രൂപ ചെലവിൽ നിർമിച്ച ആധുനിക രീതിയിലുള്ള ജെട്ടിയിലാണ് റോറോ അടുക്കുക. റോറോയിൽ മൂന്നര മിനിറ്റ് മാത്രം മതി ഫോർട്ട് കൊച്ചിയിൽ നിന്ന് വൈപ്പിനിലെത്താൻ. നാല് ലോറി, 12 കാറുകൾ, 50 യാത്രക്കാർ എന്നിവരെ ഒരേസമയം വഹിക്കാനാകും.
കുറഞ്ഞ സമയം കൊണ്ട് കൂടുതൽ വാഹനങ്ങൾക്ക് കടന്ന് പോകാൻ കഴിയുന്നതോടെ കൊച്ചിയിലെ ഗതാഗത കുരുക്ക് കുറയ്‌ക്കാൻ റോറോയ്‌ക്കാവുമെന്നാണ് പ്രതീക്ഷ .രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോറോ സർവീസ് തുടങ്ങുന്നത്.യാത്രാ ദുരിതത്തില്‍ വലയുന്ന പശ്ചിമ കൊച്ചിക്കാര്‍ക്ക് ആശ്വാസമാക്കുകയാണ് റോറോ സർവീസ്.
















