തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎസ് ഭീകരപ്രവര്‍ത്തനം അന്വേഷിക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു. ഐഎസ് തീവ്രവാദബന്ധം അന്വേഷിക്കുക, വിദേശവനിത ലിഗയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രകാശ്ബാബു.
സംഘപരിവാറിനെ പഴി പറഞ്ഞ് തീവ്രവാദികളെ സംരക്ഷിക്കുന്ന നാടായി കേരളം മാറി. പീഡനങ്ങളെപ്പോലും രാഷ്‌ട്രീയവല്‍ക്കരിച്ച് നേട്ടത്തിനു വേണ്ടി ഉപയോഗിക്കുന്നു.
ഐഎസിന്റെ വാട്‌സ്ആപ്പ് സന്ദേശം കേരളത്തിലും എത്തി. ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് കേരളത്തില്‍ നിന്നും ഐഎസിലേക്ക് ചേക്കേറിയ അബ്ദുള്‍ റാഷിദിന്റെ ശബ്ദരേഖ സംസ്ഥാനത്തുടനീളം വ്യാപിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ല. കോടതി ശിക്ഷിച്ച മദനി പീഡനത്തിന്റെ ഇരയാണെന്ന മന്ത്രി കെ.ടി. ജലീലിന്റെ വാദം ഭരണഘടനാ ലംഘനമാണ്. മന്ത്രിയുടെ പ്രസ്താവന വെളിവാക്കുന്നത് ജിഹാദി ചുമപ്പ് ഭീകരതയാണ്.
ലിഗയുടെ സഹോദരി എല്‍സയ്‌ക്ക് നീതി ലഭിച്ചില്ല. സംഭവം യുപിയിലോ ഗുജറാത്തിലോ ആയിരുന്നെങ്കില്‍ വിദേശ വനിതയെ പിച്ചിച്ചീന്തി എന്ന് പ്രചരണം നടത്തി ബിജെപി സര്‍ക്കാരിനെ അധിഷേപിക്കാന്‍ മത്സരിക്കുമായിരുന്നുവന്നും പ്രകാശ്ബാബു പറഞ്ഞു. മാര്‍ച്ചിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ജില്ലാ പ്രസിഡന്റ് അനുരാജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രഞ്ജിത് ചന്ദ്രന്‍, ആര്‍.എസ്. സമ്പത്ത്, രാകേന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
















