ന്യൂദല്‍ഹി: കേന്ദ്ര പദ്ധതിവൈകിപ്പിക്കുന്ന കേരളം രാജ്യത്തിന് നഷ്ടമാക്കുന്നത് 6,097.57 കോടി രൂപ. പൊതുഖജനാവിന് വന്‍ സാമ്പത്തിക നഷ്ടവും രാജ്യത്തിന് വികസന തടസവുമുണ്ടാക്കുന്ന ഈ കേരള നടപടികയെക്കുറിച്ച് കേന്ദ്ര പദ്ധതി നിര്‍വഹണ വകുപ്പുമന്ത്രി വിജയ് ഗോയലാണ് വെളിപ്പെടുത്തിയത്. ജന്മഭൂമിയുടെ രണ്ടാമത് ദല്‍ഹി കോണ്‍ക്ലേവായ ‘ട്രാന്‍സ് കേരള’ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ കേരളത്തില്‍ 21 പദ്ധതികള്‍ നടപ്പാക്കുന്നു. ഇതിനെല്ലാം കൂടി 21,774.25 കോടിരൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. എന്നാല്‍ പദ്ധതികള്‍ വൈകിയതോടെ ചെലവ് 27,871.82 കോടി രൂപയായി.
സംസ്ഥാനത്തിന് സമ്പൂര്‍ണ സഹകരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണ്. ഏതെങ്കിലും പാരിസ്ഥിതിക മന്ത്രാലയ അനുമതിപോലുള്ളവയാണ് തടസമെങ്കില്‍ അക്കാര്യത്തിലും സഹകരിക്കാന്‍ കേന്ദ്രം തയാറാണ്, മന്ത്രി ഗോയല്‍ പറഞ്ഞു.
കേരളസര്‍ക്കാര്‍ കേന്ദ്രപദ്ധതികള്‍ സമയാധിഷ്ഠിമായി നടപ്പാക്കാന്‍ കാര്യമായ താല്‍പര്യം കാണിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. കൊച്ചി വൈപ്പിനിലെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരേ പ്രദേശവാസികളുടെ എതിര്‍പ്പുണ്ടായി. എന്നാല്‍, സംസ്ഥാന ഉദ്യോഗസ്ഥര്‍ പറഞ്ഞത് വിഷയമെല്ലാം പരിഹരിച്ചുവെന്നാണ്. ഐഒസി ഈ പദ്ധതി 2019 മെയ്‌മാസം തീര്‍ക്കാന്‍ ലക്ഷ്യമിട്ടതാണ്. പക്ഷേ എന്താകുമെന്ന് ഉറപ്പില്ല. അതേസമയം കൊച്ചി മെട്രോ പദ്ധതി തടസമില്ലാതെ നീങ്ങുന്നു.
കൊച്ചി-സേലം ഗ്യാസ് പൈപ് ലൈന്‍ പദ്ധതിക്കാര്യത്തില്‍ ഭൂമി ഏറ്റെടുത്തുകൊടുക്കാനും അലൈന്‍മെന്റ് അന്തിമമായി നിശ്ചയിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ വേണ്ടത് ചെയ്തിട്ടില്ല.
അങ്കമാലി-എരുമേലി ശബരിമല റെയില്‍ പദ്ധതിയുടെ ചെലവ് കേന്ദ്രവും സംസ്ഥാനവും തുല്യമായി വഹിക്കാമെന്ന് പറഞ്ഞ കേരളം ഇപ്പോള്‍ നിലപാടില്‍നിന്ന് മാറിയത് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തില്‍ 11 ചെറു നഗരങ്ങളിലും അഞ്ച് നഗരസഭകളിലും പുതിയ റെയില്‍വേ സ്‌റ്റേഷനോടെ 130 കിലോ മീറ്റര്‍ പുതിയ റെയില്‍ പാളമുണ്ടാകുന്നതാണ് പദ്ധതി.
ഈ പദ്ധതി കേന്ദ്രം പൂട്ടിക്കെട്ടില്ല. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള ഈ പദ്ധതിയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയും ധനമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തും.
സംസ്ഥാനത്തിന്റെ സ്ഥിതിവിവര സമാഹരണ ശേഷി മെച്ചപ്പെടുത്താനും അടിസ്ഥാന സൗകര്യം ശക്തിപ്പെടത്താനും കേന്ദ്ര സര്‍ക്കാര്‍ 15 കോടി രൂപ നല്‍കി. കൃത്യതയും വിശ്വാസ്യതയുമുള്ള വിവരങ്ങള്‍ കൃത്യസമയത്ത് ലഭ്യമാക്കിയാലേ കൃത്യമായ ആസൂത്രണം നടക്കൂ എന്നും മന്ത്രി പറഞ്ഞു.
ആസൂത്രണമില്ലാത്തത് യാത്രാസമയം വര്‍ദ്ധിപ്പിക്കുന്നു – മീനാക്ഷി ലേഖി
















