ലണ്ടന്‍: തിയോ വാല്‍ക്കോട്ടിന്റെ ഗോളില്‍ എവര്‍ട്ടന് വിജയം. പ്രീമിയര്‍ ലീഗില്‍ അവര്‍ ഏകപക്ഷീയമായ ഒരു ഗോളിന് ന്യൂ കാസില്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ എവര്‍ട്ടന്‍ പോയിന്റു നിലയില്‍ എട്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഈ സീസണില്‍ ഇതാദ്യമായാണ് എവര്‍ട്ടന്‍ പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്തെത്തുന്നത്.
ഗുഡിസണ്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിന്റെ ആദ്യ പകുതി സംഭവബഹുലമായിരുന്നു. പക്ഷെ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ന്യൂകാസിലിന് ഗോള്‍ നേടാന്‍ അവസരം ലഭിച്ചു. എന്നാല്‍ അവരുടെ അയോസ് പെരസിന്റെ ഷോട്ട് പുറത്തക്ക് പറന്നു.
നിമിഷങ്ങള്‍ക്ക് ശേഷം എവര്‍ട്ടന്‍ മുന്നിലെത്തി. യാന്നിക് ബോളാസി വലതു പാര്‍ശ്വത്തില്‍ നിന്ന് ഉയര്‍ത്തിക്കൊടുത്ത പന്ത് തിയോ വാല്‍ക്കോട്ട് ഒന്നാംന്തരം ഷോട്ടിലൂടെ ഗോള്‍ വര കടത്തി.
ഈ വിജയത്തോടെ എവര്‍ട്ടന്‍ 35 മത്സരങ്ങളില്‍ 45 പോയിന്റു മായി എട്ടാം സ്ഥാനത്തേക്ക് കയറി. ന്യൂകാസില്‍ 41 പോയിന്റുമായി പത്താം സ്ഥാനത്താണ്.
















