കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് സമ്മര്‍ദ്ദമുണ്ടെന്ന് ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മകന്‍ വെളിപ്പെടുത്തി. സിപിഎം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍ വച്ചാണ് സമ്മര്‍ദ്ദമുണ്ടായതെന്നും മകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സംഘര്‍ഷമുണ്ടായ സമയത്ത് അച്ഛന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നും മകന്‍ ശരത് വെളിപ്പെടുത്തി. ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീടുകയറി ആക്രമണം നടത്തിയ കേസില്‍ നിര്‍ണായക സാക്ഷിയായി പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത് സിപിഎം ദേവസ്വംപാടം ബ്രാഞ്ച് സെക്രട്ടറി പരമേശ്വരന്റെ മൊഴിയായിരുന്നു. എന്നാല്‍, പോലീസ് തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന് പരമേശ്വരന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
അക്രമിസംഘം വാസുദേവനെ മര്‍ദ്ദിക്കുന്നത് താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും വീടാക്രമിച്ച് വാസുദേവനെ മര്‍ദ്ദിക്കുന്ന സമയം താന്‍ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് പരമേശ്വരന്‍ വെളിപ്പെടുത്തിയത്. വാസുദേവനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഷേണായ്‌പറമ്പില്‍ രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്തും സജിത്തും ഉള്‍പ്പെടെയുള്ളവരെ തിരിച്ചറിഞ്ഞതായി പരമേശ്വരന്‍ പറയുന്ന രീതിയിലാണ് പോലീസ് സാക്ഷിമൊഴി ചമച്ചിട്ടുള്ളത്.
















