ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ (ഐഎംയു) പ്രൊഫഷണല്‍ ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ഐഎംയുസിഇടി 2018) ജൂണ്‍ 2 ന് ദേശീയതലത്തില്‍ നടക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ഈ സെന്‍ട്രല്‍ വാഴ്സിറ്റിയുടെ ചെന്നൈ, കൊച്ചി, വിശാഖപട്ടണം, മുംബൈ, നവിമുംബൈ, കൊല്‍ക്കത്ത ക്യാമ്പസുകളിലായാണ് കോഴ്സുകള്‍ നടത്തുന്നത്. വാഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള 21 സ്ഥാപനങ്ങളിലെ പ്രവേശനവും ഈ പൊതു പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്.
കപ്പലുകളില്‍ ക്യാപ്റ്റന്‍, എന്‍ജിനീയര്‍, ഷിപ്പ്ബില്‍ഡര്‍, ഡിസൈനര്‍, പോര്‍ട്ട് മാനേജര്‍, ലോജിസ്റ്റിക്സ് എക്സ്പെര്‍ട്ട് തുടങ്ങിയ നിരവധി പ്രൊഫഷണലുകളിലേക്ക് വഴിയൊരുക്കുന്ന കോഴ്സുകളാണ് വാഴ്സിറ്റിയിലുള്ളത്. ഷിപ്പിംഗ് ഇന്‍ഡസ്ട്രിക്ക് അനുയോജ്യമായ ഈ കോഴ്സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍സാധ്യതകളേറെയാണ്. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്സിറ്റിയുടെ വിവിധ ക്യാമ്പസുകളില്‍ ലഭ്യമായ കോഴ്സുകളും സീറ്റുകളും ചുവടെ-
അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്സുകള്‍
ഐഎംയു കൊല്‍ക്കത്ത ക്യാമ്പസ്: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, 4 വര്‍ഷം, 246 സീറ്റുകള്‍.
ഐഎംയു മുംബൈ പോര്‍ട്ട് ക്യാമ്പസ്: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, 40 സീറ്റുകള്‍; ബിഎസ്സി മാരിടൈം സയന്‍സ്, 3 വര്‍ഷം, 40 സീറ്റുകള്‍.
ഐഎംയു നവിമുംബൈ ക്യാമ്പസ്: ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, 3 വര്‍ഷം, 180 സീറ്റുകള്‍; ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്, ഒരുവര്‍ഷം, 40 സീറ്റുകള്‍.
ഐഎംയു ചെന്നൈ ക്യാമ്പസ്: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, 80 സീറ്റുകള്‍; ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, 120 സീറ്റുകള്‍; ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്, 40 സീറ്റുകള്‍; ബിബിഎ ലോജിസ്റ്റിക്സ്, റീട്ടെയിലിംഗ് ആന്റ് ഇ-കോമേഴ്സ്, 3 വര്‍ഷം, 60 സീറ്റുകള്‍.
ഐഎംയു വിശാഖപട്ടണം ക്യാമ്പസ്: ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ്, 4 വര്‍ഷം, 40 സീറ്റുകള്‍.
ഐഎംയു കൊച്ചി ക്യാമ്പസ്: ബിബിഎ ലോജിസ്റ്റിക്സ്, റീട്ടെയിലിംഗ് ആന്റ് ഇ-കോമേഴ്സ്, 3 വര്‍ഷം, 40 സീറ്റുകള്‍; ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, 40 സീറ്റുകള്‍; ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി), 3 വര്‍ഷം, 40 സീറ്റുകള്‍.
പ്രവേശന യോഗ്യത: നാലുവര്‍ഷത്തെ ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് കോഴ്സുകളില്‍ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 % മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
ലാറ്ററല്‍ എന്‍ട്രി ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ്ഓഷ്യന്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് 60 % മാര്‍ക്കില്‍ കുറയാതെ 4 വര്‍ഷത്തെ ഷിപ്പ്ബില്‍ഡിംഗ് എന്‍ജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഫ്ഷോര്‍ എന്‍ജിനീയറിംഗില്‍ ത്രിവതസ്ര ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്കല്‍/സിവില്‍ എന്‍ജിനീയറിംഗ് ത്രിവത്സര ഡിപ്ലോമ വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഏകവര്‍ഷം നോട്ടിക്കല്‍ സയന്‍സ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 % മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും ബിഎസ്സി ഫിസിക്സ്/കെമിസ്ട്രി/മാത്തമാറ്റിക്സ്/ഇലക്ട്രോണിക്സ് വിഷയങ്ങള്‍ പഠിച്ച് 60 % മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്കും 50 % മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദമെടുത്തവര്‍ക്കും അര്‍ഹതയുണ്ട്.
ബിഎസ്സി നോട്ടിക്കല്‍ സയന്‍സ്, മാരിടൈം സയന്‍സ് കോഴ്സുകളില്‍ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
ബിഎസ്സി ഷിപ്പ്ബില്‍ഡിംഗ് ആന്റ് റിപ്പയര്‍ കോഴ്സ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 50 % മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.
ബിഎസ്സി ഷിപ്പ്ബില്‍ഡിംഗ് ആന്റ് റിപ്പയര്‍ ബിരുദം 60 % മാര്‍ക്കില്‍ കുറയാതെ നേടുന്നവര്‍ക്ക് മൂന്നാംവര്‍ഷം ബിടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് അര്‍ഹതയുണ്ട്.
ബിടെക്, ബിഎസ്സി, ഡിപ്ലോമ കോഴ്സുകള്‍ക്ക് ഓരോന്നിനും മൊത്തം വാര്‍ഷിക ഫീസ് 2,25,000 രൂപയാണ്.
ബിബിഎ ലോജിസ്റ്റിക്സ്, റീട്ടെയിലിംഗ്ആന്റ് ഇ-കോമേഴ്സ് കോഴ്സ് പ്രവേശനത്തിന് ഏതെങ്കിലും വിഷയത്തില്‍/സ്ട്രീമില്‍ 60 % മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും പ്ലസ്/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഇതിന് എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാപരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് സെലക്ഷന്. മൊത്തം വാര്‍ഷിക കോഴ്സ് ഫീസ് ഒരു ലക്ഷം രൂപയാണ്.
എല്ലാ കോഴ്സുകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കുന്നതിന് യോഗ്യതാ പരീക്ഷയില്‍ 5 % മാര്‍ക്കിളവുണ്ട്.
പിജി പ്രോഗ്രാമുകള്‍:
ഐഎംയു കൊല്‍ക്കത്ത: എംടെക് മറൈന്‍ എന്‍ജിനീയറിംഗ് ആന്റ് മാനേജ്മെന്റ്. യോഗ്യത- മറൈന്‍ എന്‍ജിനീയറിംഗ്/മെക്കാനിക്കല്‍/നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ബിഇ/ബിടെക് ബിരുദം 60 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും.
ഐഎംയു മുംബൈ & ചെന്നൈ: എംഎസ്സി കൊമേര്‍ഷ്യല്‍ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്സ്. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ 50 % മാര്‍ക്കില്‍ കുറയാത്ത ബിരുദം. പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.
ഐഎംയു ചെന്നൈ & കൊച്ചി: എംബിഎ പോര്‍ട്ട് ആന്റ് ഷിപ്പിംഗ് മാനേജ്മെന്റ്.
ഐഎംയു ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, വിശാഖപട്ടണം: എംബിഎ ഇന്റര്‍നാഷണല്‍ ട്രാന്സ്പോര്ട്ടേഷന്, ലോജിസ്റ്റിക്സ് മാനേജ്മെന്റ്.
യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ 50 % മാര്‍ക്കില്‍ കുറയാത്ത ബാച്ചിലേഴ്സ് ഡിഗ്രി. പ്ലസ്ടു/ഡിഗ്രി തലത്തില്‍ ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. എംബിഎ കോഴ്സുകള്‍ക്ക് വാര്‍ഷിക ഫീസ് രണ്ടുലക്ഷം രൂപയാണ്.
ഐഎംയു വിശാഖപട്ടണം: എംടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ്, ഡ്രെഡ്ജിംഗ് ആന്റ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ്.
യോഗ്യത: ബിഇ/ബിടെക്- മെക്കാനിക്കല്‍/സിവില്‍/മറൈന്‍/നേവല്‍ ആര്‍ക്കിടെക്ച്ചര്‍ മൊത്തം 60 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. വാര്‍ഷിക ഫീസ് 2,25,000 രൂപയാണ്.
എന്‍ട്രന്‍സ് പരീക്ഷ (IMU-CET 2018): ബിബിഎ ഒഴികെയുള്ള എല്ലാ അണ്ടര്‍ഗ്രാഡുവേറ്റ് (യുജി), പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് 2018 ജൂണ്‍ 2 ന് രാവിലെ 11 മുതല്‍ 2 മണിവരെ നടക്കും. ബിടെക്, ബിഎസ്സി, ഡിപ്ലോമ ഉള്‍പ്പെട്ട അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്സുകള്‍ക്കും എംബിഎ, എംഎസ്സി കോഴ്സുകള്‍ക്കും എംടെക് കോഴ്സുകള്‍ക്കും വേവ്വേറെ എന്‍ട്രന്‍സ് പരീക്ഷകള്‍ പൊതുവായി നടത്തും. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, മധുര, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, പൂണൈ, ന്യൂദല്‍ഹി, നോയിഡ, കാണ്‍പൂര്‍, ലക്നൗ, കൊല്‍ക്കത്ത എന്നിവ എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. എന്‍ട്രന്‍സ് പരീക്ഷയുടെ വിശദവിവരങ്ങള്‍ വെബ്സൈറ്റിലുണ്ട്.
രജിസ്ട്രേഷന്: IMU-CET 2018 ല്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് www.imu.edu.in ല്‍ ‘CET June 2018’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. രജിസ്ട്രേഷന് ഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 700 രൂപ. മേയ് 11 വരെ രജിസ്ട്രേഷന് സമയമുണ്ട്. വിശദവിവരങ്ങളടങ്ങിയ അക്കാദമിക് ബ്രോഷര്‍ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വേണം രജിസ്ട്രേഷന് നടത്തേണ്ടത്. ഹാള്‍ടിക്കറ്റ് മേയ് 16 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം
എന്‍ട്രന്‍സ് പരീക്ഷ ഫലം ജൂണ്‍ 5 ന് പ്രസിദ്ധപ്പെടുത്തും. വിവിധ ഐഎംയു ക്യാമ്പസുകളിലേക്കുള്ള പ്രവേശനത്തിന് കൗണ്‍സിലിങ് നടത്തും. ഇതിലേക്കുള്ള രജിസ്ട്രേഷന് ജൂണ്‍ 7 മുതല്‍ 20 വരെ ഓണ്‍ലൈനായി നടത്താം. പ്രവേശനത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ജൂണ്‍ 23 ന് പ്രസിദ്ധപ്പെടുത്തും.
ഐഎംയു-സിഇടി 2018 ല്‍ യോഗ്യത നേടുന്നവര്‍ വാഴ്സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളില്‍ പ്രത്യേകം നല്‍കണം. സ്ഥാപനങ്ങലും കോഴ്സുകളും സീറ്റുകളുമൊക്കെ www.imu.edu.in ല്‍ ലഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: