ന്യൂദൽഹി: ഇന്ത്യയുടെ ആഭ്യന്തര പ്രശ്നങ്ങളിൽ പുറത്ത് നിന്നുള്ളവർ ഇടപെടേണ്ട ആവശ്യമില്ലെന്ന് ക്രിക്കറ്റ് ഇതിഹാസവും രാജ്യസഭാംഗവുമായ സച്ചിൻ തെണ്ടൂൽക്കർ. കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി പാക്ക് ക്രിക്കറ്റ് താരം ഷാഹീദ് അഫ്രീദി നടത്തിയ വിവാദ പരാമർശത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘രാജ്യത്തെ നയിക്കാൻ കരുത്തുള്ള ഒട്ടനവധി പ്രമുഖർ ഭാരതത്തിലുണ്ട്. പുറത്ത് നിന്നുമുള്ള ആരും തന്നെ തങ്ങൾ എന്തു ചെയ്യണം എന്ന് ഉപദേശിക്കേണ്ട ആവശ്യമില്ല’- സച്ചിൻ പറഞ്ഞു. കഴിഞ്ഞ ദിവസം കശ്മീരിൽ 12ഓളം ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചതിൽ അഫ്രീദി അമർഷം ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യം അടിച്ചമർത്തി ജനങ്ങളെ കൂട്ടക്കൊല ചെയ്യുകയെന്നാണ് അഫ്രീദി ട്വിറ്ററിൽ രേഖപ്പെടുത്തിയത്. ഇതിനു പുറമെ യുഎന്നും മറ്റ് അന്താരാഷ്‌ട്ര സംഘടനകളും ഈ രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അഫ്രീദി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അഫ്രീദിയുടെ ഈ വിമർശനത്തിന് തക്കതായ മറുപടിയാണ് സച്ചിൻ നൽകിയത്. സച്ചിനു പുറമെ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലി സൈന്യത്തിന്റെ നടപടിയെ പ്രശംസിച്ചു. തന്റെ രാജ്യത്തിനാണ് എപ്പോഴും പ്രാധാന്യമെന്നും രാജ്യത്തിനെതിരെ പ്രസ്താവന ഇറക്കുന്നവരെ ഒരിക്കലും പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മുകശ്മീരില്‍ മൂന്നിടങ്ങളിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം 12 ഭീകരരെ വധിച്ചത്. ഒരു ഭീകരനെ പിടികൂടുകയും ചെയ്തിരുന്നു. സൈന്യവും പോലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത്. അനന്ത്‌നാഗിലും ഷോപ്പിയാന്‍ ജില്ലയിലെ കച്ദുര, ദ്രാഗഡ് ഗ്രാമങ്ങളിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ വെടിവെപ്പുണ്ടായത്.
















