ന്യൂദല്‍ഹി: കശ്മീരില്‍ പാക്ക് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യൂ വരിച്ചതിനു പുറമേ ഇന്ത്യയെ അവഹേളിച്ച് പാക്ക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി. കശ്മീരിനെ ഇന്ത്യന്‍ അധിനിവേശ പ്രദേശമായി പ്രസ്താവിച്ചാണ് അഫ്രീദി ട്വീറ്റ് ചെയ്തിരിക്കുന്നത്.
‘ഇന്ത്യന്‍ അധിനിവേശ കശ്മീരിലെ സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണവും ആശങ്ക നിറഞ്ഞതുമാണ്. സ്വയം നിര്‍ണ്ണയത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ശബ്ദത്തെ അടിച്ചമര്‍ത്താനാണ് അവിടെ ശ്രമിക്കുന്നത്.
അത്ഭുതം, യുഎന്‍ പോലെയുള്ള സംഘടനകള്‍ എവിടെയാണ്, ഈ രക്ത ചൊരിച്ചിലുകള്‍ ഒഴിവാക്കാന്‍ എന്തു ശ്രമങ്ങളാണ് അവരെടുക്കുന്നത് ‘ അഫ്രീദിയുടെ ട്വിറ്റര്‍ പോസ്റ്റ് ഇതാണ്.
ഇന്ത്യയെ അവഹേളിച്ചുള്ള അഫ്രീദിയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണുയരുന്നത്. അഫ്രീദിയുടെ ട്വീറ്റിനെ എതിര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി തന്നെ രംഗത്തെത്തുകയും ചെയ്തു.
അധിനിവേശം നടത്തുന്നത് ഇന്ത്യയല്ലെന്നും പാകിസ്ഥാനാണെന്നും കോഹ്‌ലി ട്വിറ്ററില്‍ അഫ്രീദിയെ തിരുത്തുന്നുണ്ട്. മാത്രമല്ല കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് കോഹ്‌ലി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.
കോഹ്‌ലിക്കു പുറമേ അഫ്രീദിക്കെതിരെ വിമര്‍ശനമുയര്‍ത്തി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പാകിസ്ഥാനെയും,അഫ്രീദിയെയും വിമര്‍ശിക്കുന്ന പോസ്റ്റുകളെല്ലാം കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് ഓര്‍മ്മിപ്പിക്കുന്നുണ്ട്.
കശ്മീരിലെ അനന്ത്‌നാഗ്, ഷോപ്പിയാന്‍ എന്നിവിടങ്ങളിലെത്തിയ 13 ഭീകരരെ കൊലപ്പെടുത്തുന്നതിനിടയിലാണ് മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യൂ വരിച്ചത്.
















