ബ്രിട്ടീഷ് വിവരശേഖരണ സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക ബിജെപിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്നുപറഞ്ഞ് രംഗത്തുവന്നത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ്. അനലിറ്റിക്ക നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചാണ് ബിജെപി നേട്ടം കൊയ്യുന്നത് എന്നുവരുത്തുകയായിരുന്നു രാഹുലിന്റെ ശ്രമം. വിവിധമാര്‍ഗങ്ങളില്‍ വിവരശേഖരണം നടത്തുകയും, അത് ഇടപാടുകാരുടെ ആവശ്യത്തിനായി നല്‍കുകയും ചെയ്യുന്ന കണ്‍സള്‍ട്ടിങ് കമ്പനിയാണ് അനലിറ്റിക്ക. അവരുടെ സേവനം കോണ്‍ഗ്രസ്സാണ് ഉപയോഗിച്ചത് എന്നതിന് ഒന്നിനുപുറകെ ഒന്നായി തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. ബിജെപിയെ അടിക്കാനുപയോഗിച്ച വടി കോണ്‍ഗ്രസ്സിന് ബൂമറാങ്ങായി മാറിയെന്ന് വ്യക്തം.
കോടിക്കണക്കിനാളുകളുടെ ഫേയ്സ്ബുക്ക് അക്കൗണ്ടുകള്‍ ചോര്‍ത്തിയതിന് പ്രതിക്കൂട്ടിലായ അനലിറ്റിക്ക ഇന്ത്യയില്‍ പ്രധാനമായും കോണ്‍ഗ്രസ്സിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്ന് അതിന്റെ മുന്‍ ജീവനക്കാരന്‍തന്നെ ബ്രിട്ടീഷ് പാര്‍ലമെന്റിന് മൊഴി നല്കിയിരിക്കുന്നു. അമേരിക്കക്കാരുടെ വിവരം ശേഖരിച്ചത് സംബന്ധിച്ച ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അന്വേഷണസമിതിക്ക് മുമ്പാകെയാണ് മൊഴി. ഏതൊക്കെ തരത്തിലാണ് കോണ്‍ഗ്രസ്സിനെ അനലിറ്റിക്ക സഹായിച്ചതെന്ന് ഇനി വ്യക്തമാക്കേണ്ടത് കോണ്‍ഗ്രസ്സ് തന്നെയാണ്.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അനലിറ്റിക്ക വ്യാപകമായി പ്രവര്‍ത്തിച്ചുവെന്നാണ് വെളിപ്പെടുത്തല്‍. കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു. വീടുവീടാന്തരമുള്ള ജനസംഖ്യ, ജാതിതിരിച്ചുള്ള കണക്ക് എന്നിവയെല്ലാം ശേഖരിച്ചു. 2009-ലെ തെരഞ്ഞെടുപ്പില്‍ നിരവധി ലോക്സഭാ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി പ്രചാരണം നിര്‍വഹിക്കുകയും ചെയ്തു. ശരിയായ ഉറവിടത്തില്‍നിന്നും വിവരങ്ങള്‍ തേടി, അത് വിശകലനം ചെയ്ത് കൃത്യമായ സന്ദേശങ്ങള്‍ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഇടപാടുകാര്‍ക്കുവേണ്ടി നല്‍കുകയാണ് പ്രധാന ജോലിയെന്നും അനലിറ്റിക്ക ഉദ്യോഗസ്ഥരും ചുമതലക്കാരും മൊഴി നല്‍കിയിട്ടുണ്ട്.
ഭീകരവാദപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പഠനത്തിന് കേരളം തെരഞ്ഞെടുത്തുവെന്നത് നിസ്സാരമായി കാണാവുന്ന കാര്യമല്ല. ലോകം മുഴുവന്‍ ശൃംഖലയുള്ള ഒരു സ്ഥാപനം കേരളത്തിലെ ഭീകരവാദസാന്നിധ്യവും പ്രവര്‍ത്തനവും നിരീക്ഷിച്ച് വിവരങ്ങള്‍ ശേഖരിച്ചു എന്നത് ഒരുകാര്യം. അതിനപ്പുറം അവര്‍ ശേഖരിച്ച വിവരങ്ങള്‍ ആര്‍ക്കുവേണ്ടി എന്നതിന് ഉത്തരം നല്‍കേണ്ടതുണ്ട്. ജിഹാദി റിക്രൂട്ട്മെന്റിനെതിരെയുള്ള അന്താരാഷ്ട്രപദ്ധതിക്ക് പിന്തുണ നല്‍കാനാണ് ഇതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പൂര്‍ണമായി വിശ്വാസിക്കാനാവില്ല.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്നുപറഞ്ഞ് പാര്‍ലമെന്റ് നിരന്തരം സ്തംഭിപ്പിച്ചവരാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷം. ജനങ്ങള്‍ക്ക് എന്തോ ദുരിതം സംഭവിച്ചരീതിയിലായിരുന്നു അവര്‍ വിഷയത്തെ കൈകാര്യം ചെയ്തത്. ആധാര്‍കാര്‍ഡ് കിട്ടാന്‍ വിവരങ്ങള്‍ പൂര്‍ണമായി ചോര്‍ന്നാലും ജനങ്ങള്‍ക്ക് ഒരു ചുക്കും സംഭവിക്കില്ല. മാതാപിതാക്കളുടെ പേര്, വിലാസം, റേഷന്‍കാര്‍ഡ് വിവരം തുടങ്ങിയ വിവരങ്ങള്‍ മാത്രമാണ് നല്‍കേണ്ടിയിരുന്നത്. ഇത് പുറത്തായാല്‍ എന്തു കുഴപ്പമാണുണ്ടാവുകയെന്ന് ബഹളം വച്ചവര്‍ പറഞ്ഞില്ല. വിസ ലഭിക്കുന്നതിനായി സ്വന്തം അപ്പൂപ്പന്റെവരെ വിവരങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്കാന് മടിയില്ലാത്തവരാണ് ആധാര്‍ വിവരം ചോര്‍ന്നു എന്നുപറഞ്ഞ് ബഹളം ഉണ്ടാക്കിയത്.
കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആക്ഷേപിക്കുക മാത്രമായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ട. അതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് അനലിറ്റിക്കയും പൊക്കിപിടിച്ച് രാഹുല്‍ഗാന്ധി എത്തിയത്. അനലിറ്റിക്കയുടെ ആസ്ഥാനമന്ദിരത്തിലെ ഭിത്തിയില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കൈപ്പത്തി ചില്ലിട്ട് വച്ചിട്ടുണ്ടെന്ന വാര്‍ത്തയും പുറത്തുവന്നു. വിദേശ കമ്പനി വിവരം ശേഖരിച്ചതിന്റെ ധാര്‍മികതയെക്കുറിച്ചാണെങ്കില്‍ അത് ചര്‍ച്ച ചെയ്യാം. അതിന്റെ പേരില്‍ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ശ്രമമാണ് ഇപ്പോള്‍ പൊളിഞ്ഞിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: