കണ്ണൂര്‍: കടുത്ത ദാരിദ്ര്യത്തിലായിരുന്നിട്ടും എപിഎല്‍ ലിസ്റ്റിലായിരുന്ന ദീപയും കുടുംബവും ഇനി മുതല്‍ ബിപിഎല്‍ ലിസ്റ്റില്‍. കണ്ണൂര്‍ സിറ്റിയിലെ ഉപ്പാലവളപ്പില്‍ ദീപയുടെയും കുടുംബത്തിന്റെയും റേഷന്‍ കാര്‍ഡ് അന്ത്യോതയ അന്നയോജന വിഭാഗത്തിലേക്ക് മാറ്റാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരവിട്ടു. തൊണ്ണൂറ് വയസ്സ് കഴിഞ്ഞ മുത്തശ്ശിയെ ചെറുമകള്‍ ദീപ തല്ലുന്നത് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് ദീപയുടെ വീട്ടിലെത്തിയ അധികൃതരാണ് ദീപയുടെയും കുടുംബത്തിന്റെയും ദയനീയ സ്ഥിതി നേരിട്ടറിഞ്ഞത്.
ആയിക്കര ഉപ്പാല വളപ്പിലെ ദീപയുടെ വീട്ടില്‍ നടന്ന കലഹം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പ്രായമായ മുത്തശ്ശിയെ മകള്‍ ഉപദ്രവിക്കുന്നുവെന്നതായിരുന്നു വാര്‍ത്ത. 90 വയസ്സുള്ള മുത്തശ്ശിയും 70 വയസ്സുള്ള അമ്മയും അഞ്ചാം ക്ലാസ്സിലും മൂന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ട് മക്കളുമൊത്താണ് ദീപ ആയിക്കരയിലെ വീട്ടില്‍ താമസിച്ചിരുന്നത്. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ദീപ നേരത്തെ ഒരു തയ്യല്‍ക്കടയില്‍ പോയിരുന്നെങ്കിലും മകള്‍ക്കെതിരെ അതിക്രമമുണ്ടായതോടെ അതും നിര്‍ത്തി. കുടുംബത്തിന്റെ ബുദ്ധിമുട്ടറിഞ്ഞ് ആരെങ്കിലും സഹായിക്കുന്നത് മാത്രമായിരുന്നു ഇവരുടെ ഏക ആശ്വാസം. സംഭവമറിഞ്ഞ് വീട്ടിലെത്തിയ പോലീസാണ് വീട്ടിലെ ദയനീയ സ്ഥിതി നേരിട്ടറിഞ്ഞത്. ദീപയും അമ്മയും മുത്തശ്ശിയും ഇപ്പോള്‍ കണ്ണൂരിലെ അത്താണിയിലാണ് കഴിയുന്നത്. വീടിന്റെ അറ്റകുറ്റപ്പണിക്ക് ശേഷം ദീപയും കുടുംബവും വീട്ടിലേക്ക് തന്നെ പോകും.
കടുത്ത ദാരിദ്ര്യവും ഒറ്റപ്പെടലും കാരണം മാനസിക സമ്മര്‍ദ്ധത്തിനടിപ്പെട്ടാണ് ദീപ മുത്തശ്ശിയെ അടിച്ചതെന്ന് വ്യക്തമായിരുന്നു. പൊളിഞ്ഞ് വീഴാറായ വീട്ടില്‍ കഴിയുന്ന ദീപയും കുടുംബവും എപിഎല്‍ വിഭാഗത്തിലായിരുന്നുവെന്നും വ്യക്തമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് മന്ത്രിയുടെ ഓഫീസില്‍ നിന്ന് പ്രത്യേക ഉത്തരവുണ്ടായത്.
















