കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആദ്യ പുസ്തകമേളയായ ‘കൃതി’യുടെ വിജയത്തെക്കുറിച്ച് സഹകരണ വകുപ്പുമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത് പച്ചക്കള്ളമോ? കൃതിയില്‍ 17 കോടിരൂപയുടെ പുസ്തകം വിറ്റഴിഞ്ഞെന്നും ഏഴുലക്ഷം പേര്‍ സന്ദര്‍ശിച്ചെന്നും മന്ത്രി തട്ടിവിട്ടു. ഇത് മേളയില്‍ പങ്കെടുത്ത പ്രസാധകരെയാണ് അങ്കലാപ്പിലാക്കുന്നത്.
‘ജനാധിപത്യം വെല്ലുവിളികള്‍ നേരിടുന്നകാലത്ത് സംസ്ഥാന സാംസ്‌കാരിക ഉണര്‍വു പകരാനും മേളയ്‌ക്ക് കഴിഞ്ഞു,”വെന്ന് പ്രസ്താവിച്ച മന്ത്രി കടകംപള്ളി, ”160 സ്റ്റാളുകള്‍ നിന്ന് 17 കോടി രൂപയുടെ പുസ്തകം വിറ്റു”വെന്നാണ് വെളിപ്പെടുത്തിയത്.
ആദ്യ ദിനം 80,000 പേര്‍ സന്ദര്‍ശിച്ചുവെന്നും തുടര്‍ന്നുള്ള 10 ദിവസങ്ങളുള്‍പ്പെടെ 11 ദിവസംകൊണ്ട് ഏഴുലക്ഷംപേര്‍ മേളസന്ദര്‍ശിച്ചെന്നകണക്കും മന്ത്രി പറഞ്ഞു.
എന്നാല്‍, ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന പ്രസാധകന്റെ ആകെ വില്‍പ്പന 25 ലക്ഷം രൂപയുടെ പുസ്തകമാണ്. സംഘാടകരായ, മേളയിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുസാഹിത്യ പ്രവര്‍ത്തക സംഘത്തിനു പോലും വിറ്റുവരവ് 30 ലക്ഷം മാത്രം. പക്ഷേ, മന്ത്രിയുടെ പ്രസ്താവനയിലെ 17 കോടി രൂപയുടെ കണക്കറിഞ്ഞ് നികുതി വകുപ്പ് പരിശോധിക്കാന്‍ വരുമോ എന്നാണ് ഭയമെന്ന് ചില പ്രസാധകര്‍ ആശങ്ക പ്രകടിപ്പിക്കുന്നു.
മേളയില്‍ സന്ദര്‍ശകര്‍ കുറവായിരുന്നു. പരമാവധി 20,000 പേര്‍ നഗരത്തില്‍ ഒരു ദിവസം പുതുതായെത്തിയാന്‍ നിയന്ത്രിക്കാന്‍ പ്രത്യേക സംവിധാനം വേണ്ടി വരാറുണ്‌ടെന്നാണ് പോലീസ് വിശദീകരണം. ഒരു ദിവസം അതിന്റെ നാലിരട്ടി, 80,000 പേര്‍ വന്നുവെന്നത് അതിശയോക്തിയാണെന്ന് പോലീസ് പറയുന്നു.
അടുത്തവര്‍ഷവും പുസ്തക മേള നടത്താന്‍, ഈ മേളവഴി നേട്ടമുണ്ടാക്കിയവര്‍ മന്ത്രിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. അടുത്ത വര്‍ഷത്തെ മേളയുടെ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍, കൃതി 2018 ഒരു വികൃതിയായെന്ന ആക്ഷേപം പല തലത്തില്‍നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയിട്ടുണ്ട്.
















