ആലപ്പുഴ: ലോകപ്രശസ്ത യുദ്ധഫോട്ടോഗ്രാഫറും ഫോട്ടോ ജേര്‍ണലിസ്റ്റുമായ നിക് ഉട്ട് ജില്ലയില്‍ പ്രവേശിച്ചത് അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ മധുരം നുണഞ്ഞ്. വിയറ്റ്നാം യുദ്ധഭൂമിയിലെ ഒരൊറ്റ ക്ലിക്കിലൂടെ ലോകത്തോളം വളര്‍ന്ന നിക് ഉട്ടിന്റെ വിരലുകള്‍ കേരളത്തിന്റെ ചരിത്ര വഴികളിലൂടെ യാത്ര ആരംഭിച്ചിട്ട് മൂന്നാം ദിനമായിരുന്നു ഇന്നലെ.
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയും ലോസ് ഏന്‍ജലന്‍സ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും നിക് ഉട്ടിനെ അനുഗമിക്കുന്നുണ്ട്. അമ്പലപ്പുഴ ക്ഷേത്രത്തില്‍ ഉച്ചയോടെയെത്തിയ സംഘം കുഞ്ചന്‍ നമ്പ്യാരുടെ മിഴാവ്, കളിത്തട്ട് എന്നിവ കണ്ടു.
തുടര്‍ന്ന് കളിത്തട്ടില്‍ അമ്പലപ്പുഴ സുരേഷ് വര്‍മയുടെ ഓട്ടന്‍തുള്ളലിന്റെ വിവിധ ഭാവങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. ക്ഷേത്ര ദര്‍ശനത്തിന് തിരുനടയിലെത്തി തൊഴുത ശേഷം പുറത്തിറങ്ങിയ സംഘത്തെ അമ്പലപ്പുഴ പാല്‍പ്പായസം നല്‍കി സ്വീകരിച്ചു.
ക്ഷേത്രത്തിന്റെ പഴക്കം, കുഞ്ചന്‍ നമ്പ്യരുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ എന്നിവ റസൂല്‍പൂക്കുട്ടി അദ്ദേഹത്തിന് വിശദീകരിച്ചു.
ക്ഷേത്രത്തില്‍ നിന്നറങ്ങിയ സംഘം നേരെ വലിയ ചുടുകാട് പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിലെത്തി. പിന്നീട് മുഹമ്മയിലുള്ള ലേബറേഴ്സ് കയര്‍ ഫാക്ടറി സന്ദര്‍ശിച്ചു. അവിടുത്തെ തൊഴിലാളികളുമായി സംവദിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അതിഥികളാണ് നിക് ഉട്ടും റൗള്‍ റോയും.
















