തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 250 എംബിബിഎസ് സീറ്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സ്ഥിരാനുമതി ലഭിച്ചു. നേരത്തേ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും കുറവുള്ള അധ്യാപകരെ നിയമിക്കുകയും മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശിക്കുന്ന മറ്റ് സൗകര്യങ്ങള്‍ കോളേജില്‍ ഒരുക്കുകയും ചെയ്തിരുന്നു. 250 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന ക്ലാസ് റൂമുകള്‍, മികച്ച ലൈബ്രറി സൗകര്യം, ഹോസ്റ്റല്‍, പരീക്ഷാ നടത്താനുള്ള സൗകര്യം, അധ്യാപക വിദ്യാര്‍ത്ഥി ആനുപാതം എന്നിവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷമാണ് കൗണ്‍സില്‍ 250 സീറ്റുകള്‍ക്കും സ്ഥിരാനുമതി നല്‍കിയത്.
നേരത്തെയുണ്ടായിരുന്ന 200 സീറ്റില്‍ നിന്നും 250 സീറ്റായി വര്‍ധിപ്പിച്ചിരുന്നെങ്കിലും സ്ഥിരാനുമതി നല്‍കിയിരുന്നില്ല. അതിനാല്‍ത്തന്നെ ഓരോ വര്‍ഷവും കൗണ്‍സില്‍ സംഘം പരിശോധന നടത്തിയാണ് ആ വര്‍ഷത്തെ അംഗീകാരം നല്‍കിയിരുന്നത്. കേരളത്തിലെ ഏറ്റവുമധികം എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ്.
കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുമായി 1300 സീറ്റുകളാണുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 200, പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ 100, ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ 150, കോട്ടയം മെഡിക്കല്‍ കോളേജില്‍ 150, തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 150, എറണാകുളം മെഡിക്കല്‍ കോളേജില്‍ 100, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 100, പാലക്കാട് മെഡിക്കല്‍ കോളേജില്‍ 100 എന്നിങ്ങനെയാണ് സീറ്റുകളുള്ളത്. കോട്ടയം മെഡിക്കല്‍ കോളേജിലെ നിലവിലെ 100 സീറ്റിന് പുറമേ 50 സീറ്റിന് കൂടി ഈ വര്‍ഷം കൗണ്‍സിലിന്റെ സ്ഥിരാനുമതി ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: