ഷിംല: തീർത്ഥാടനത്തിനിടയിൽ രാഷ്‌ട്രീയം പറയാനില്ലെന്ന് വ്യക്തമാക്കി തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഹിമാലയൻ യാത്രയ്‌ക്കായി ഹിമാചലിൽ എത്തിയതായിരുന്നു രജനീകാന്ത്.
തീർത്ഥാടനത്തിനാണ് ഇവിടെ എത്തിയത്. ഈ യാത്ര സ്ഥിരം ദിനചര്യകളിൽ നിന്ന് വ്യത്യസ്തമായ അനുഭവമാണ്. ദൈവികവും മനോഹരവുമായ യാത്ര. ഇവിടെ രാഷ്‌ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ലെന്ന് രജനീകാന്ത് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
രാഷ്‌ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രജനീകാന്തിൻറെ ഹിമാലയൻ പര്യടനം. ജീവിതത്തിലെ നിർണായകഘട്ടങ്ങളിലാണ് രജനീകാന്ത് ഇത്തരത്തിൽ ഹിമാലയൻ യാത്രകൾ നടത്താറുള്ളത്. ഡിസംബർ 31 നാണ് രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാട് രജനീകാന്ത് വ്യക്തമാക്കിയത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിറുത്തുമെന്നും രജനീകാന്ത് പ്രഖ്യാപിച്ചിരുന്നു.
















