കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ കോടികളുടെ വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ മാര്‍പ്പാപ്പയുടെ നടപടിയും ഉടനുണ്ടായേക്കും. ഹൈക്കോടതി കര്‍ദ്ദിനാളിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തിലായിരിക്കും നടപടി. വിശ്വാസികളില്‍ ചിലര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വത്തിക്കാന്‍ വസ്തു ഇടപാട് നേരിട്ട് അന്വേഷിച്ച് വരികയായിരുന്നു. വസ്തു ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് സഭയിലെ പാതിരിമാരും വത്തിക്കാന്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കൂടി ഉയര്‍ന്ന സാഹചര്യത്തില്‍ നടപടി വൈകില്ലെന്നാണ് ഒരു കൂട്ടം പാതിരിമാരുടെ കണക്ക് കൂട്ടല്‍.
വസ്തു ഇടപാടുമായി ബന്ധപ്പെട്ട് കര്‍ദ്ദിനാളിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിരുന്നു. വസ്തു ഇടപാടില്‍ വീഴ്ചയുണ്ടായതായി സഭയുടെ അന്വേഷണ സംഘം കണ്ടെത്തുകയും വിശ്വാസികളും പാതിരിമാരും നടപടി ആവശ്യപ്പെട്ട് രംഗത്ത് വരികയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. വത്തിക്കാനില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഇതെന്നാണ് പാതിരിമാര്‍ വിലയിരുത്തുന്നത്. അധികാരം വെട്ടിക്കുറച്ചതോടെ വസ്തു ഇടപാട് വിവാദം കെട്ടടങ്ങുമെന്നാണ് കരുതിയിരുന്നത്. വത്തിക്കാനും ഇത് വിശ്വസിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കര്‍ദ്ദിനാളിനെതിരെയുള്ള മറ്റു നടപടികളിലേക്ക് വത്തിക്കാന്‍ കടക്കാതിരുന്നത്. എന്നാല്‍, ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതോടെ മാര്‍പ്പാപ്പയ്‌ക്ക് നടപടിയെടുത്തേ മതിയാകൂ എന്നാണ് സഭയിലെ പാതിരിമാരില്‍ ചിലരുടെ നിരീക്ഷണം.
















