ന്യൂദല്‍ഹി: ഒടുവില്‍ ത്രിമൂര്‍ത്തികള്‍ ത്രിപുര പിടിക്കുക തന്നെ ചെയ്തു. ത്രിപുര പ്രഭാരി സുനില്‍ ദിയോധര്‍, നോര്‍ത്ത് ഈസ്റ്റ് ഡമോക്രാറ്റിക് അലയന്‍സ് (എന്‍ഇഡിഎ) കണ്‍വീനര്‍ ഹിമന്ത ബിശ്വ ശര്‍മ്മ, സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബ്- ഇവരാണ് പതിറ്റാണ്ടുകളുടെ സിപിഎം ഭരണം പിഴുതെറിയാന്‍ ഷാ നിയോഗിച്ച ത്രിമൂര്‍ത്തികള്‍.
2014ല്‍ നരേന്ദ്ര മോദി മത്സരിച്ച വരാണസി മണ്ഡലത്തിന്റെ പ്രചാരണ ചുമതലയില്‍ നിന്നാണ് ആര്‍എസ്എസ് മുന്‍ പ്രചാരകനായ സുനില്‍ ദിയോധര്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ത്രിപുരയിലേക്ക് പറന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച 5.70 ശതമാനം വോട്ടാണ് ബിജെപിക്ക് അവകാശപ്പെടാന്‍ ആകെയുണ്ടായിരുന്നത്. മോദി തരംഗം ത്രിപുരയെയും സ്വാധീനിച്ചിട്ടുണ്ടെന്ന തിരിച്ചറിവാണ് ‘മിഷന്‍ 2018’ന് പാര്‍ട്ടിയെ പ്രേരിപ്പിച്ചത്.
ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവിനായിരുന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാര്‍ട്ടി ചുമതല. വിഘടനവാദികളായും ഹിന്ദുവിരുദ്ധരായും ചിത്രീകരിക്കപ്പെട്ടിരുന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വേരുറപ്പിക്കാനാകില്ലെന്ന മുന്‍വിധികള്‍ ഇപ്പോള്‍ തിരുത്തപ്പെട്ടുകഴിഞ്ഞു. ഈ മുന്നേറ്റത്തില്‍ രാം മാധവിനൊപ്പമുണ്ടായിരുന്ന ബുദ്ധികേന്ദ്രമാണ് അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. ത്രിപുരയിലെ തെരഞ്ഞെടുപ്പ് ചുമതല രാം മാധവ് ഏല്‍പ്പിച്ചതും ഹിമന്തയെയാണ്. അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് മുന്‍ കോണ്‍ഗ്രസ് നേതാവായ ഹിമന്ത പാര്‍ട്ടി വിട്ടത്.
















