പത്തനംതിട്ട: പൊന്തന്‍പുഴയിലേത് സംരക്ഷിത വനമല്ലെന്ന് ഹൈക്കോടതി നിരീക്ഷിക്കാനിടയായതിനു പിന്നില്‍ സര്‍ക്കാരിന്റെയും വനംവകുപ്പിന്റെയും കനത്ത വീഴ്ച. രണ്ടുതവണ സര്‍ക്കാരിനനുകൂലമായി വിധി വന്ന കേസില്‍ മതിയായ രേഖകളും മുന്‍ ഉത്തരവുകളും യഥാസമയം ധരിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ വിധി ഉടമസ്ഥാവകാശം ഉന്നയിച്ച സ്വകാര്യവ്യക്തികള്‍ക്ക് അനുകൂലമായി
പത്തനംതിട്ട റാന്നി താലൂക്കിലെ പെരുമ്പട്ടി വില്ലേജിലെ 1592 ഏക്കര്‍ വനവും കോട്ടയം ജില്ലയിലെ മണിമല വില്ലേജിലുള്ള 5000 ഏക്കര്‍ വലിയകാവ് വനവും ഉള്‍പ്പെടുന്നതാണ് പൊന്തന്‍പുഴവനം. തിരുവിതാംകൂര്‍ രാജാവ് നെയ്തല്ലൂര്‍ കോവിലകത്തിന് ചെമ്പ് പട്ടയം മുഖേന നീട്ട് ആയി നല്‍കിയതാണ് ഈ വനഭൂമി എന്നവകാശപ്പെട്ട് 283 പേരാണ് രംഗത്ത് എത്തിയത്. കരമടച്ച രസീത്, ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ഉടസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് തുടങ്ങി ഭൂമിയില്‍ അവകാശം സ്ഥാപിക്കാനുതകുന്ന രേഖകളെല്ലാം പരാതിക്കാര്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ പരാതിക്കാരുടെ രേഖകളുടെ ആധികാരികത ചോദ്യം ചെയ്യാനോ, ഭൂമിയുടെ യഥാര്‍ഥ രേഖകള്‍ ഹാജരാക്കാനോ വനംവകുപ്പിന് സാധിച്ചില്ല. രേഖകള്‍ ഹാജരാക്കാനുള്ള താല്പര്യവും അധികൃതര്‍ കാട്ടിയില്ല എന്ന പരാതിയും ഉയരുന്നു.
ഹൈക്കോടതിയിലെ കേസ് നടത്തിപ്പില്‍ സര്‍ക്കാരുകളും വനംവകുപ്പ് ഉദ്യോഗസ്ഥരും ആത്മാര്‍ത്ഥത കാണിക്കാത്തതിനാല്‍ 2014ല്‍ ഈ ഭൂമി ജപ്തി ചെയ്യാനുള്ള ഉത്തരവ് പോലും നേടാന്‍ സ്വകാര്യ വ്യക്തികള്‍ക്ക് കഴിഞ്ഞു. വന്‍വൃക്ഷങ്ങളടക്കമുള്ള വനസമ്പത്താണ് സ്വകാര്യവ്യക്തികളെ ഈ ഭൂമി കൈയടക്കാന്‍ പ്രേരിപ്പിക്കുന്നത്. ശബരിമലക്കാടുകളില്‍ പൊതുവേ കാണുന്നതുപോലെ പൊന്തന്‍പുഴ വനത്തിലും തകര്‍ന്ന ക്ഷേത്രാവശിഷ്ടങ്ങളുണ്ട്. നാഗപ്പാറ, ശംഖുപാതാളം, അരീയ്‌ക്കല്‍ക്കാവ്, വാഴക്കുന്നം വനദുര്‍ഗ ക്ഷേത്രം എന്നിവയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും ഈ വനഭൂമിയില്‍ കാണാം.
പൊന്തന്‍കാവ് വലിയകാവ് വനഭൂമിയുടെ സംരക്ഷിത പദവി നഷ്ടപ്പെട്ടാല്‍ വനഭൂമിയോട് ചേര്‍ന്ന് തലമുറകളായി താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ പട്ടയസ്വപ്‌നങ്ങളും പൊലിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പൊന്തന്‍പുഴവനം സംരക്ഷിതവനമായി വിജ്ഞാപനം ചെയ്യാന്‍ യോഗ്യമല്ലെന്ന എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവച്ചതിനെതിരെ സര്‍ക്കാര്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെങ്കിലും നേരത്തെ ഉണ്ടായ അനാസ്ഥ ഇനിയും ഉണ്ടാകുമെന്ന ആശങ്കയുണ്ട്.
















