ന്യൂദല്‍ഹി: ഗോരഖ്പൂരിനും ലക്‌നൗവിനും ഇടയിലെവിടെയോ വച്ചാണ് കേന്ദ്രനികുതി വകുപ്പ് ഉദ്യോഗസ്ഥ ജ്യോത്സന സിങ് പാട്ടേലും ഫാര്‍മസിസ്റ്റ് സച്ചിന്‍കുമാറിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് സാക്ഷിയായതോ ഇന്ത്യന്‍ റെയില്‍വേയുടെ ഗോരഖ്പൂര്‍ സ്‌പെഷ്യല്‍ ട്രെയിനും. മുഖ്യകാര്‍മ്മികത്വം വഹിച്ചത് ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീരവിശങ്കറും.
വിവാഹത്തിലെ ധൂര്‍ത്ത് ഒഴിവാക്കാന്‍ വേണ്ടി സര്‍ക്കാര്‍ തലത്തിലും സാമൂഹ്യ സംഘടനാതലത്തിലും നടത്തുന്ന ബോധവല്‍ക്കരണ പരിശ്രമങ്ങളുടെ ഭാഗമായാണ് തീവണ്ടിമുറിയില്‍ വിവാഹവേദിയൊരുക്കിയതെന്ന് യു.പി സ്വദേശികളായ വധൂവരന്‍മാര്‍ പറഞ്ഞു.
പൂക്കള്‍കൊണ്ട് പ്രത്യേകം അലങ്കരിക്കിച്ചൊരുക്കിയ സ്‌പെഷ്യല്‍ട്രയിനിലെ കമ്പാര്‍ട്ട്‌മെന്റില്‍ നടന്ന വിവാഹച്ചടങ്ങില്‍ സഹയാത്രികരായുള്ള നിരവധി ആര്‍ട് ഓഫ് ലിവിങ് കുടുംബാംഗങ്ങള്‍ പങ്കെടുത്തു.
ചടങ്ങിന് ശേഷം ശ്രീശ്രീരവിശങ്കര്‍ സമൂഹമാധ്യമത്തിലൂടെയും അല്ലാതെയും പുറത്തുവിട്ട വീഡിയോയും സന്ദേശവും ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം പങ്കുവച്ചു.വിവാഹം പവിത്രമായ കര്‍മ്മമാണെന്നും അതിനെ ലഘൂകരിച്ച് നടത്തണമെന്നും അനുയായികളോട് ശ്രീശ്രീ ആവശ്യപ്പെട്ടു.
















