കണ്ണൂര്‍: ഷുഹൈബിനെ വെട്ടിക്കൊന്ന കേസില്‍ പോലീസില്‍ കീഴടങ്ങിയ ആകാശ് തില്ലങ്കേരിയെ മഹത്വവല്‍ക്കരിക്കാനും പിന്തുണ പ്രഖ്യാപിക്കാനും ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ സൈബര്‍ പോരാളികള്‍ മത്സരിക്കുന്നു. ”ആരൊക്കെ തള്ളിപ്പറഞ്ഞാലും നിന്നെ ഞങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാം” തുടങ്ങിയ വാചകങ്ങളാണ് ആകാശിന്റ ഫോട്ടോകളും മുദ്രാവാക്യ വിളികളുടെ ദൃശ്യങ്ങളും സഹിതം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇനിയും എതിരാളികളെ ഇല്ലാതാക്കാന്‍ മുന്നോട്ടുവരണമെന്നും ഇതൊന്നും കണ്ട് തളരരുതെന്നും ചിലര്‍ പിന്തുണ പ്രഖ്യാപിക്കുന്നുണ്ട്. നവമാധ്യമങ്ങളിലെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നിരീക്ഷിക്കുമെന്നും നടപടിയെടുക്കുമെന്നും സമാധാനകമ്മറ്റി യോഗം തീരുമാനിച്ചിരുന്നെങ്കിലും നവമാധ്യമങ്ങളിലെ പോര്‍വിളികള്‍ പോലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്.
















