അമ്പലപ്പുഴ: പറയെടുപ്പിനിടെ ആനയിടഞ്ഞു. തോട്ടപ്പള്ളി പ്രദേശം മണിക്കൂറുകളോളം മുള്‍മുനയിലായി. ആനപ്പാപ്പാന് പരിക്കേറ്റു.
തോട്ടപ്പള്ളി നാലു ചിറ ഗവ. ഹൈസ്‌ക്കൂളിനുസമീപം ഇന്നലെ ഉച്ചയ്‌ക്ക് 2.30 ഓടെയാണ് ആനയിടഞ്ഞത്. തോട്ടപ്പള്ളി കുടുംബിക്കാട് ശ്രീബലഭദ്രസ്വാമി ക്ഷേത്രത്തിലെ പറയെടുപ്പിനായി എത്തിച്ച പാര്‍ത്ഥന്‍ എന്ന ആനയാണ് ഇടഞ്ഞത്.
ഓച്ചിറ സ്വദേശി രതീഷ് തൊടുപുഴയില്‍ നിന്ന് പാട്ടത്തിനെടുത്ത ആനയെയാണ് പറയെടുപ്പിനായി എത്തിച്ചത്. ഒരു വീട്ടിലേക്ക് പറയെടുപ്പിനായി പോകുമ്പോള്‍ സമീപത്തുണ്ടായിരുന്ന കമ്പുകള്‍ ദേഹത്ത് കൊണ്ടപ്പോഴാണ് ആനയിടഞ്ഞത്. ഈ സമയം ആനയുടെ പുറത്തുണ്ടായിരുന്ന ശാന്തിക്കാരന്‍ ഗോവിന്ദന്‍ ചാടി രക്ഷപ്പെട്ടു.
തൊട്ടടുത്തുണ്ടായിരുന്ന പാപ്പാന്‍ അനീഷ് കുമാറിനെ ആന തട്ടുകയും ചെയ്തു. പരിക്കേറ്റ പാപ്പാനെ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയം തൊട്ടടുത്ത നാലുചിറ സ്‌കൂള്‍ മൈതാനിയില്‍ പ്രവേശിച്ച ആന സ്‌കൂളിന്റെ മുന്നില്‍ എത്തിയതോടെ കുട്ടികളും അദ്ധ്യാപകരും പരിഭ്രാന്തിയിലായി.
നാട്ടുകാര്‍ ഉള്‍പ്പെടെ എത്തി വിദ്യാര്‍ത്ഥികളെ സ്‌കൂളിന്റെ പുറകു ഭാഗത്തുള്ള മറ്റൊരു വഴിയിലൂടെ പറഞ്ഞു വിട്ടു. ആന പിന്നീട് തൊട്ടടുത്തുള്ള റോഡില്‍ നിലയുറപ്പിക്കുകയായിരുന്നു. ഇതിനിടയില്‍ ആലപ്പുഴ ഡിവൈഎസ്പി പി.വി. ബേബിയുടെ നേതൃത്വത്തില്‍ വന്‍ പോലീസും ഹരിപ്പാട് നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
ഇതിനിടയില്‍ വനംവന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥരും അമ്പലപ്പുഴ തഹസില്‍ദാര്‍ ആശാ എബ്രഹാമിന്റെ നേതൃത്വത്തില്‍ റവന്യു വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ആനയെ മയക്കുവെടി വെയ്‌ക്കുവാനായി കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ എലിഫെന്റ് സ്‌ക്വാഡിലെ ഡോക്ടര്‍മാരെ വിവരമറിയിക്കുകയും ചെയ്തു.
ഇതിനിടെയാണ് യാത്രാമദ്ധ്യേ ഇവിടെ എത്തിയ ലിജു ശബരി എന്ന ഈ രംഗത്തെ വിദഗ്ദന്‍ എത്തിയത്. ഇദ്ദേഹം കരുതിയിരുന്ന എലിഫെന്റ് ക്യാച്ചര്‍ എന്ന ഉപകരണം ഉപയോഗിച്ച് നാട്ടുകാരുടെ സഹകരണത്തോടെ വൈകിട്ട് 4.30 ഓടെ തളച്ചു.
കാലുകളില്‍ കൂറ്റന്‍ വടം ഉപയോഗിച്ച് തളച്ച ആനയെ പിന്നീട് തൊട്ടടുത്തുള്ള വീടിന്റെ പുരയിടത്തിലേയ്‌ക്ക് മാറ്റി. ഇതിനു ശേഷമാണ് നാട്ടുകാരുടെ ഭീതിയൊഴിഞ്ഞത്.
















