കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ദല്‍ഹിയിലെ വസതിയില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ജനുവരി പതിമൂന്നിന് നടത്തിയ റെയ്ഡില്‍ ഒരു രഹസ്യരേഖയുടെ പകര്‍പ്പ് കണ്ടെടുത്തിരുന്നു. എയര്‍സെല്‍-മാക്സിസ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിച്ച് സുപ്രീംകോടതിക്ക് നല്കിയ രഹസ്യരേഖയുടെ പകര്‍പ്പാണിത്.
രണ്ടാമത്തെ യുപിഎ സര്‍ക്കാരില്‍ ചിദംബരം മന്ത്രിയായിരിക്കെ ജസ്റ്റിസുമാരായ എ.എസ്. സിങ്വി, കെ. രാധാകൃഷ്ണന് എന്നിവരുടെ ബെഞ്ചില്‍ 2013 ജനുവരി ഒന്നിന് സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയതാണ് ഈ റിപ്പോര്‍ട്ട്. ഒപ്പുവയ്ക്കാത്ത റിപ്പോര്‍ട്ടാണ് ചിദംബരത്തിന്റെ വസതിയില്‍നിന്ന് കണ്ടെടുത്തത്. ഞെട്ടിക്കുന്ന സംഭവമാണിത്. ഇതില്‍നിന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ചോര്‍ന്നതാണെന്ന് വരുന്നു. അതുകൊണ്ടുതന്നെ സിബിഐ ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭ്യമായ ഈ റിപ്പോര്‍ട്ട് അവരില്‍നിന്നുതന്നെയാവണം ചിദംബരത്തിനു ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് എങ്ങനെയാണ് ചോര്‍ന്നത്, ആരൊക്കെയാണ് ഇതിനു പിന്നില്‍ കളിച്ചത് എന്നറിയാന്‍ സിബിഐ അന്വേഷണം നടത്തുകയാണ്.
മലേഷ്യന്‍ കമ്പനിയായ മാക്സിസിന് 3,200 കോടി രൂപ എയര്‍ സെല്ലില്‍ നിക്ഷേപിക്കാന്‍ മന്ത്രിയായിരുന്ന ചിദംബരം അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. 600 കോടി രൂപ നിക്ഷേപിക്കാനുള്ള അനുമതി നല്‍കാനേ മന്ത്രിയെന്ന നിലയ്ക്ക് ചിദംബരത്തിന് അധികാരമുണ്ടായിരുന്നുള്ളൂ. ഇതിനു മുകളിലുള്ള തുകയാണെങ്കില്‍ മന്ത്രിസഭാ സമിതി വേണം അനുമതി നല്കാന്. നിയമപരമായ നടപടിക്രമം ഇതായിരിക്കെ 3,200 കോടിക്ക് അനുമതി നല്‍കിയത് ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന്റെ സ്വാധീനംകൊണ്ടാണെന്നും, ഇതുവഴി കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് സിബിഐ കേസ്.
ഇത്ര ഗുരുതരമായ ഒരു കേസ് സംബന്ധിച്ച രഹസ്യരേഖ മുഖ്യപ്രതിയുടെ അച്ഛനായ ചിദംബരത്തിന് ലഭിച്ചുവെന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിരിക്കണം. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തുന്നതോടെ ‘നമ്പര്‍ വണ്‍ മാനിപ്പുലേറ്റര്‍’ എന്നറിയപ്പെടുന്ന ചിദംബരത്തിന്റെ തനിനിറം പുറത്താവും. എയര്‍സെല്‍-മാക്സിസ് അഴിമതിയില്‍ മകന് മാത്രമല്ല, ചിദംബരവും പ്രതിയാവുന്ന സ്ഥിതിവരും.
രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഹസ്രകോടികളുടെ അഴിമതിക്കേസുകള്‍ വന്നപ്പോഴാണ് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞത്. അഴിമതിക്കേസുകളുടെ അന്വേഷണം സിബിഐക്ക് നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നപ്പോഴായിരുന്നു അസാധാരണമായ ഈ പ്രതികരണമുണ്ടായത്. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണകാലത്തെ പല അഴിമതികളുടെയും മുഖ്യ ഗുണഭോക്താക്കളില്‍ ഒരാളാണ് ചിദംബരമെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമിയെപ്പോലുള്ളവര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ച പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്.
ഭരണം മാറിയിട്ടും താന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍ഫോഴ്സ്മെന്റിലും മറ്റും നിയമിച്ച ഉദ്യോഗസ്ഥരെവച്ച് അന്വേഷണം വഴിതെറ്റിക്കുകയും വച്ചുതാമസിപ്പിക്കുകയുമാണ് ചിദംബരമെന്നും ആരോപണം ഉയരുകയുണ്ടായി. ഏതായാലും ചിദംബരത്തിന്റെ വീട്ടില്‍നിന്ന് ലഭിച്ച രഹസ്യറിപ്പോര്‍ട്ട് ആരാണ് ചോര്‍ത്തിയതെന്ന് കണ്ടെത്തുന്നതോടെ അഴിമതിക്കെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകും. നിയമത്തിന്റെ നീണ്ട കരങ്ങള്‍ ചിദംബരത്തെ പിടികൂടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: