സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും ഇടതുമുന്നണി എംഎല്‍എമാരായ ഇ.പി. ജയരാജന്റെയും വിജയന്‍പിള്ളയുടെയും മക്കള്‍ വിദേശത്ത് നടത്തിയ തട്ടിപ്പുകളെക്കുറിച്ച് നിയമസഭയില്‍ പ്രമേയം വന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്, അതൊക്കെ ചന്തയിലെ കാര്യങ്ങളെന്നാണ്. ചന്തയില്‍ പറയുന്ന കാര്യങ്ങള്‍ സഭയില്‍ പറയരുതെന്നും ആവശ്യപ്പെട്ടു. കൂട്ടുസഖാക്കളുടെ മക്കള്‍ക്ക് ചന്തത്തരം കാണിക്കാം, അത് ആരും അറിയരുതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. നേതാക്കളുടെ മക്കളുടെ ബിസിനസ്സ് പ്രവാസി മലയാളികള്‍ക്ക് ആകെ നാണക്കേടാണെന്ന പ്രതിപക്ഷ ആരോപണം നിസ്സാരമായി കാണാനാവില്ല. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിക്കെത്തുന്ന മലയാളികള്‍ക്ക് അവിടെ നല്ല മതിപ്പുണ്ട്. തൊഴിലിലായാലും ബിസിനസ്സിലായാലും ആത്മാര്‍ത്ഥതയുള്ള മലയാളികളുമായി സഹകരിക്കാന്‍ അറബികള്‍ക്ക് മടിയില്ല. അതുകൊണ്ടുതന്നെ നിരവധി കുടുംബങ്ങള്‍ രക്ഷപ്പെട്ടിട്ടുമുണ്ട്.
കോടിയേരിയുടെ മൂത്ത മകന് ബിനോയ് പതിമൂന്ന് കോടി രൂപ തട്ടിച്ചുവെന്ന് പറഞ്ഞത് ബിജെപിയോ കോണ്‍ഗ്രസ്സോ അല്ല. ബിനോയ് ഉള്‍പ്പെടെ ഇടതു നേതാക്കളുടെ മക്കളുടെ ബിസിനസ്സ് പങ്കാളിയായിരുന്ന അറബിയാണ്. അറബി ഇക്കാര്യം ആദ്യം സിപിഎം നേതാക്കളുടെ ചെവിയിലാണ് പറഞ്ഞത്. അത് പുറത്തുവന്നതാവട്ടെ സിപിഎം കേന്ദ്രനേതൃത്വത്തിലെ തമ്മിലടിമൂലവും. പാര്‍ട്ടിക്ക് പങ്കില്ല, കോടിയേരി അറിഞ്ഞേയില്ല, ദുബായിയില്‍ കേസുമില്ല, വിലക്കുമില്ല എന്നൊക്കെ പറഞ്ഞ് തടിതപ്പുകയായിരുന്നു സിപിഎം സംസ്ഥാന നേതൃത്വം. എന്നാല്‍ കേസുണ്ട്, വിലക്കുണ്ട്, പങ്കുണ്ട് എന്നൊക്കെയുള്ള വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മൂത്ത മകന് ദുബായിയില്‍ നിന്നുള്ള യാത്രയ്ക്കാണ് വിലക്കെങ്കില്‍ ഇളയ മകന് ബിനീഷ് ദുബായിലെത്തിയാല്‍ ജയിലിലാകുമെന്നതാണ് അവസ്ഥ.
സാമ്പത്തിക ഇടപാട് സാധാരണ സിവില്‍ കേസ്സാണെന്നും, രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് സിപിഎം ഇപ്പോള്‍ പറയുന്നത്. അതിന് മാധ്യമങ്ങളെയും കുറ്റം പറയുന്നു. ഇത്തരം തട്ടിപ്പ് വാര്‍ത്ത പുറത്തുവന്നാല്‍ അത് രാഷ്ട്രീയമായി ഉപയോഗിക്കുമെന്നത് സത്യമാണ്. സോളാര്‍ കേസും വ്യക്തികള്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ സിവില്‍ കേസായിരുന്നല്ലോ. അതുണ്ടാക്കിയ രാഷ്ട്രീയ കോളിളക്കവും സിപിഎമ്മിന്റെ പങ്കും കേരളം മറന്നിട്ടില്ല. സോളാര്‍ കേസിനൊരു ന്യായം, അറബിക്ക് മറ്റൊന്ന് എന്ന നിലപാട് ശരിയല്ല. സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ഇത്തരം വിവാദങ്ങള്‍ പതിവാണെന്നാണ് ബിനീഷ് കോടിയേരി പറയുന്നത്. അതിനു പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്നും കോടിയേരി പുത്രന് പറയുന്നു. പാര്‍ട്ടി സമ്മേളനങ്ങളില്‍ സ്ഥാനമാനങ്ങള്‍ കിട്ടാനും ഇല്ലാതാക്കാനും മറ്റ് പാര്ട്ടിക്കാര് ശ്രമിക്കുകയോ അതിന് സാധിക്കുകയോ ഇല്ല. അപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ് വിവാദമെന്ന് വ്യക്തം.
കോടിയേരിയുടെ മകനെതിരെ വന്ന തട്ടിപ്പ്, വിജയന്‍പിള്ളയുടെ മകന്, ഇ.പി. ജയരാജന്റെ മകന് എന്നിങ്ങനെ നേതാക്കളുടെ മക്കള്‍ തട്ടിപ്പുകാരുടെ ക്യൂവില്‍ അണിനിരക്കുന്നു. കണ്ണടയുടെയും തോര്‍ത്തിന്റെയും കിഴിയുടെയുമൊക്കെ പണംപറ്റിയതിന്റെ പേരില്‍ നേതാക്കള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഇളിഭ്യരാകുന്നു. അതുകൊണ്ടുതന്നെ പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യപ്പെടുകയോ തെറ്റുതിരുത്തുകയോ ഉണ്ടാകില്ല. ജനങ്ങള്‍ തെറ്റ് തിരുത്തിക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് അതിനൊരു അവസരമാണ്. തെരഞ്ഞെടുപ്പിന് മുമ്പ് തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്നാണ് അറബിയോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. ഇത് സമ്മര്ദ്ദതന്ത്രമാവാമെങ്കിലും സിപിഎമ്മുമായി ബന്ധപ്പെട്ട തട്ടിപ്പും ധൂര്‍ത്തും ജനങ്ങള്‍ എങ്ങനെ വിലയിരുത്തും എന്നതിന്റെ തെളിവാകും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: