തൃശൂര്‍: പോലീസുകാര്‍ക്ക് അത്യാവശ്യത്തിന് പോലും അവധി ലഭിക്കാന്‍ ഏറെ കടമ്പകളാണ്. എന്നാല്‍, മന്ത്രി ബന്ധു ആറു മാസമായി ജോലി ചെയ്യാതെ സര്‍വീസില്‍ തുടരുന്നതായി ആക്ഷേപം. മന്ത്രി എ.സി. മൊയ്തീന്റെ സഹോദരന്‍ എഎസ്‌ഐ എ.സി. ഷാഹുല്‍ ഹമീദിന് എതിരെയാണ് ആക്ഷേപം.
സുഖചികിത്സയുടേയും ആഡംബര ഭ്രമത്തിന്റെയും പേരില്‍ മന്ത്രിമാര്‍ പ്രതിക്കൂട്ടിലായതിനു പിന്നാലെയാണ് മന്ത്രി മൊയ്തീനും സഹോദരനുമെതിരെ പുതിയ ആക്ഷേപം. പോലീസിലെ തന്നെ ചിലര്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
തൃശൂര്‍ എആര്‍ ക്യാമ്പിലെ എഎസ്‌ഐ ആണ് ഷാഹുല്‍ ഹമീദ്.
കഴിഞ്ഞ മെയ് 31 ന് ഷാഹുല്‍ ഹമീദ് ചികിത്സക്കായി അവധിയെടുത്തിരുന്നു. തൃശൂര്‍ ദയ ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം ജൂലൈ 24ന് മെഡിക്കല്‍ ലീവ് പൂര്‍ത്തിയായി തിരികെ ക്യാമ്പിലെത്തി. പിറ്റേന്ന് ജൂലായ് 25ന് തൃശൂര്‍ റേഞ്ച് ഐജി ഇദ്ദേഹത്തെ പ്രത്യേക ഉത്തരവ് വഴി ഐജി ഓഫീസിലേക്ക് മാറ്റി നിയമിക്കുകയായിരുന്നു. ഇതിനുശേഷം ഇദ്ദേഹം ജോലിക്ക് എത്താറില്ലെന്നാണ് പരാതി. ശമ്പളം കൃത്യമായി വാങ്ങുന്നുണ്ട്. ക്യാമ്പിലെ ജോലി പ്രയാസമേറിയതായതിനാല്‍ ഐജി ഓഫീസിലേക്ക് മാറ്റം നല്‍കിയെന്നാണ് ഐജി ഓഫീസില്‍ നിന്നുള്ള വിശദീകരണം.
എന്നാല്‍, ഷാഹുല്‍ഹമീദ് ജൂലൈ 25ന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ട്. മന്ത്രിയുടെ സഹോദരന്‍ എന്ന പരിഗണനയില്‍ ജോലിക്ക് ഹാജരാകാതെ ആറു മാസമായി ശമ്പളം പറ്റുന്നതായാണ് പരാതിയില്‍ പറയുന്നത്. സംഭവം പോലീസ് സേനയ്‌ക്കുള്ളില്‍ മാസങ്ങളായി വിവാദമായി പുകയുകയാണ്.
















