എടത്വ: വഴിയില്‍ കിടന്ന് കിട്ടിയ ബാഗില്‍ ഒരു ലക്ഷം രൂപ. ബാഗും പണവും ഉടമയെ കണ്ടത്തി തിരികെ ഏല്‍പിച്ച് ഓട്ടോഡ്രൈവര്‍. ചങ്ങംകരി പഴേമഠത്തില്‍ ലൂസപ്പന്‍ തോമസിനാണ് (47) ഓട്ടം പോവുന്നതിനിടയില്‍ കോഴിമുക്ക് പാലക്കളത്തില്‍ പാലത്തിന് സമീപത്ത് വഴിയില്‍ കിടന്ന് പണമടങ്ങിയ ബാഗ് ലഭിച്ചത്. ബാഗില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണിലൂടെ ഉടമയെ കണ്ടെത്തുകയായിരുന്നു.
തകഴി പോസ്റ്റോഫീസിലെ ആര്‍ഡി ഏജന്റായ കരുമാടി സാകേതത്തില്‍ ഗീതാകുമാരിയുടെ പണമടങ്ങിയ ബാഗാണ് നഷ്ടപെട്ടത്. എടത്വ എസ്ഐ എം. സതീശന്റെ സാന്നിദ്ധ്യത്തില്‍ ഗീതാകുമാരിക്ക് പണമടങ്ങിയ ബാഗ് കൈമാറി.
















