ആലപ്പുഴ: കഴിഞ്ഞ രണ്ടു ബജറ്റിലും ജില്ലയിലെ റെയില്‍പ്പാത പാത ഇരട്ടിപ്പിക്കലിനു മികച്ച പരിഗണനയാണ് കിട്ടിയത്. ബജറ്റില്‍ പാത ഇരട്ടിപ്പിക്കലിനു ലഭിച്ച 450 കോടി രൂപ ഇതുവരെയും ചെലവാക്കാന്‍ കഴിഞ്ഞിട്ടില്ല. ജനപ്രതിനിധികളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും വീഴ്ചയാണ് ഇതിന് കാരണം.
ഹരിപ്പാട്-അമ്പലപ്പുഴ 18 കിലോമീറ്റര്‍ ഇരട്ടപ്പാത പൂര്‍ത്തിയാകാത്തത് സിപിഎമ്മും കോണ്‍ഗ്രസുമായുള്ള പ്രാദേശിക തര്‍ക്കം മൂലമാണ്. കുന്നുമ്മയിലെ അടിപ്പാതയ്‌ക്കെതിരെ സിപിഎം രംഗത്തെത്തിയതാണ് പ്രശ്‌നത്തിന് കാരണം. എന്നാല്‍ കൊടിക്കുന്നില്‍ സുരേഷ് എംപി അടിപ്പാത വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞ ദിവസമാണ് മന്ത്രി ജി. സുധാകരന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയത്.
തര്‍ക്കം തീര്‍ത്തിരുന്നുവെങ്കില്‍ 18 കിലോമീറ്റര്‍ ഇരട്ടപ്പാത നേരത്തെ തന്നെ പൂര്‍ത്തിയാകുമായിരുന്നു. എന്നാല്‍ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിടിവാശി മൂലം വലയുന്നതു യാത്രക്കാരാണ്. അമ്പലപ്പുഴയില്‍നിന്നു ഒരു തീവണ്ടി വിട്ടാല്‍ അതു ഹരിപ്പാട് കടക്കാതെ മറ്റൊരു തീവണ്ടിയും കടത്തി വിടാന്‍ കഴിയില്ല. എതിര്‍ ദിശയില്‍ വരുന്ന വണ്ടികള്‍ അത്രയും നേരം സ്റ്റേഷനില്‍ കാത്തു കിടക്കണം.
ഒട്ടേറെ വണ്ടികളാണു അമ്പലപ്പുഴയിലും ഹരിപ്പാടും ദിവസവും പിടിച്ചിടുന്നത്. ഈ സാഹചര്യത്തിലാണ് പാതയിരട്ടിപ്പിക്കലിന് പണം അനുവദിച്ചില്ലെന്ന് ജനപ്രതിനിധികളും, രാഷ്‌ട്രീയ പാര്‍ട്ടികളും വിമര്‍ശനം ഉന്നയിക്കുന്നത്. അനുവദിക്കുന്ന പണം യഥാസമയം ചെലവഴിക്കാതെ കുറ്റം പറയുക മാത്രമാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
















