സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ രണ്ടു മാസം മാത്രം ബാക്കിനില്‍ക്കേ സംസ്ഥാനത്തെ പദ്ധതി നടത്തിപ്പുകളില്‍ നേരിടുന്നത് ഗുരുതരമായ മരവിപ്പാണ്. പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന ശരാശരി 44.77 ശതമാനം മാത്രമാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തിലെ പദ്ധതി നിര്‍വഹണത്തിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും വികസനത്തിന്റെയും മാതൃകകളെക്കുറിച്ച് ഏറെ സംസാരിക്കുമ്പോഴാണ് യഥാര്‍ത്ഥ വസ്തുതകള്‍ കണ്ണുതുറപ്പിക്കുന്നത്. ഭൂരഹിതരും ഭവനരഹിതരും തൊഴില്‍ രഹിതരും ഏറെയുള്ള കേരളത്തില്‍ ഇവര്‍ക്കുവേണ്ടി കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പിലായില്ലെന്നതാണ് കണക്കുകളിലെ സൂചന. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനത്തിലും ഉണ്ടായ നിര്‍വഹണ പരാജയത്തെയാണ് ഈ സൂചനകള്‍ കാണിക്കുന്നത്. കക്ഷിരാഷ്ട്രീയ തര്‍ക്കങ്ങളില്‍പ്പെട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസനപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ജനപ്രതിനിധികള്‍ക്കാവുന്നില്ല.
പദ്ധതി യഥാസമയം തയ്യാറാക്കുന്നതില്‍ വരുന്ന കാലതാമസമാണ് വികസനത്തെ മുരടിപ്പിക്കാനുള്ള മറ്റൊരു കാരണം. എസ്റ്റിമേറ്റ്, പ്ലാന്‍, സ്കെച്ച്, പ്രോജക്ട് എന്നിവ തയ്യാറാക്കി യഥാസമയം സാങ്കേതിക അനുമതി ലഭിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധവയ്ക്കുന്നില്ല. സാങ്കേതികാനുമതി ലഭിച്ച പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിക്കുന്നില്ല. പദ്ധതിക്ക് അനുവദിച്ച പണം ലാപ്സാവുകയും ചെയ്യുന്നു. പ്രാദേശിക വികസനത്തിന് അഞ്ചു വര്‍ഷത്തെ പദ്ധതികള്‍ നേരത്തെ തയ്യാറാക്കി വയ്ക്കുകയും മുന്‍ഗണനാടിസ്ഥാനത്തില്‍ അവ പ്രാവര്‍ത്തികമാക്കുകയും ചെയ്യണമെന്ന ആസൂത്രണ വിദഗ്ദ്ധരുടെ നിരന്തരമായ ആവശ്യം അവഗണിക്കപ്പെടുകയാണ്. ഓരോ വര്‍ഷവും അതത് ഭരണസമിതികളുടെ താല്‍പ്പര്യത്തിനനുസരിച്ച് മുന്‍ഗണനാക്രമം പോലും പാലിക്കാതെ തയ്യാറാക്കുന്ന പദ്ധതികളാണ് നടപ്പിലാകാതെ പോകുന്നത്. 2010 ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഇഎംഎസ് ഭവന പദ്ധതി ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നുവെന്നത് വികസനത്തിന്റെ രാഷ്ട്രീയ മുഖം എത്ര വികൃതമാണെന്നതിന്റെ തെളിവാണ്. ജനങ്ങളുടെ ആവശ്യമല്ല, രാഷ്ട്രീയ ആവശ്യമാണ് പരിഗണിക്കപ്പെടുന്നത്.
ആവശ്യമായ ജീവനക്കാരുടെ അഭാവം പദ്ധതി നടത്തിപ്പിനെ ഏറെ ബാധിക്കുന്നുണ്ട്. ഗ്രാമപഞ്ചായത്ത് മുതല്‍ എഞ്ചിനീയറിങ് വിഭാഗത്തിലെ വരെ ജീവനക്കാരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടികളുണ്ടാവുന്നില്ല. താല്‍ക്കാലിക ജീവനക്കാരെ ഉപയോഗിച്ച് മിനിമം ആവശ്യങ്ങള്‍ നിര്‍വഹിക്കാനാണ് നീക്കം. താല്‍ക്കാലിക ജീവനക്കാര്‍ക്ക് പദ്ധതി നടത്തിപ്പിന് അംഗീകാരം നല്കാന് കഴിയാത്തത്, പദ്ധതി നിര്‍വഹണത്തില്‍ ഉണ്ടാകാവുന്ന വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആളില്ലാത്തത് തുടങ്ങി ഗുരുതരമായ പ്രശ്നങ്ങളാണ് ഇത് സൃഷ്ടിക്കുന്നത്.
പദ്ധതികള്‍ക്കാവശ്യമായ പണം അനുവദിക്കുന്നതില്‍ വരുന്ന കാലതാമസം പദ്ധതി നടത്തിപ്പിനെ സാരമായി ബാധിക്കുന്നു. ഗഡുക്കളായാണ് പണം അനുവദിക്കുന്നത്. എല്ലാം ശരിയായാലും ആവശ്യമായ പണം ലഭിക്കാത്തതുകൊണ്ട് പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നു. അവഗണിക്കപ്പെട്ട വിധവകള്‍, ഭൂരഹിതര്‍, ഭവനരഹിതര്‍ തുടങ്ങിയ ദരിദ്രജനവിഭാഗങ്ങളാണ് ഇതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്നത്. ഗ്രാമസഭകള്‍ അംഗീകരിച്ച പദ്ധതികള്‍ പഞ്ചായത്ത് ഭരണസമിതികള്‍ അട്ടിമറിക്കുന്നത് കേരളത്തില്‍ പതിവായി മാറിയിരിക്കുന്നു. വികസന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ഭരണഘടനയിലെ 73, 74 ഭേദഗതി മൂലമുണ്ടായ വികേന്ദ്രീകൃതാസൂത്രണത്തിന്റെ ആത്മാവിനെത്തന്നെ ഇല്ലാതാക്കുന്നതാണ് ഗ്രാമസഭകളെ മറികടക്കുന്ന ഈ ജനാധിപത്യ വിരുദ്ധ മനോഭാവം.
കൊട്ടിഘോഷിക്കപ്പെട്ട് പ്രഖ്യാപിക്കുന്ന വികസന പദ്ധതികള്‍ ഏട്ടിലെ പശുവായി മാറുകയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വികസനത്തന്റെ ചാലകശക്തിയാവണമെങ്കില്‍ ഈ മേഖലയിലെ കക്ഷിരാഷ്ട്രീയ തിമിരത്തിന് അന്ത്യമുണ്ടാവണം. മുന്നണികളുടെ മാറ്റം വികസനത്തെ മുരടിപ്പിക്കുന്നതാകരുത്. ഏത് മുന്നണി ഭരിച്ചാലും വികസനത്തിന് മുന്‍ഗണന നല്കുന്ന വികസന രാഷ്ട്രീയത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിമാറിക്കൊടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: